പരീക്ഷാകാലം പിന്നിട്ടിട്ടും വൈദ്യുതി ഉപയോഗത്തില്‍ കുറവില്ല
തൊടുപുഴ: പരീക്ഷാക്കാലം പിന്നിട്ടിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ല. അവധി ദിനമായിരുന്നിട്ടുകൂടി ഞായറാഴ്ചത്തെ ഉപയോഗം 78.93 ദശലക്ഷം യൂനിറ്റായിരുന്നു.
ഞായറാഴ്ച ദിവസം ഇത്ര വൈദ്യുതി ഉപയോഗം ഉയരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. മാര്‍ച്ച് 24 ഞായറാഴ്ച ഇത് 77.189 ദശലക്ഷം യൂനിറ്റായിരുന്നു. മാര്‍ച്ച് മാസത്തെ ശരാശരി വൈദ്യുതി ഉപയോഗം 80.1531 ദശലക്ഷം യൂനിറ്റാണ്. ഇതും സര്‍വകാല റെക്കോഡാണ്. 2018 മാര്‍ച്ചില്‍ ശരാശരി ഉപയോഗം 74.355 ദശലക്ഷം യൂനിറ്റായിരുന്നു.
2484.7681 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് മാര്‍ച്ച് മാസത്തില്‍ സംസ്ഥാനത്ത് ഉപയോഗിച്ചത്. 2018 മാര്‍ച്ചില്‍ ഇത് 2305.02 ദശലക്ഷം യൂനിറ്റായിരുന്നു. 71.93 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് മാര്‍ച്ച് മാസത്തില്‍ എല്ലാ അണക്കെട്ടുകളിലുമായി ഒഴുകിയെത്തിയത്. 2018 മാര്‍ച്ചില്‍ 108.67 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു.
മുന്‍വര്‍ഷം ഇതേ സമയം 46.5 ശതമാനം വെള്ളം അണക്കെട്ടുകളില്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ഇത് 43 ശതമാനമാണ്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി ഡാമുകളെല്ലാം പൂര്‍ണ സംഭരണശേഷിയില്‍ എത്തി ഏഴ് മാസം പിന്നിടുമ്പോള്‍ ഉള്ള അവസ്ഥയാണിത്.
ഈ നില തുടര്‍ന്നാല്‍ ഏപ്രില്‍ മാസത്തില്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2016 ലും 2018 ലും വൈദ്യുതി ഉപയോഗം പുതിയ റെക്കോര്‍ഡിട്ടത് ഏപ്രില്‍ മാസത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടി ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം 88 ദശലക്ഷം യൂനിറ്റ് പിന്നിടും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുമ്പോള്‍ വൈദ്യുതി ഉപയോഗത്തില്‍ കുറവുണ്ടാകുമെന്ന് കെ.എസ്.ഇ.ബി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പരീക്ഷക്കാലം അവസാനിച്ചിട്ടും ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ച 28 ലെ ഉപയോഗം 86.409 ദശലക്ഷം യൂനിറ്റായിരുന്നു.
29 ന് ഇത് 86.07 ഉം 30 ന് 85.9 ദശലക്ഷം യൂനിറ്റുമായിരുന്നു. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 61.4261 ദശലക്ഷം യൂനിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പ്പാദനം 17.512 ദശലക്ഷം യൂനിറ്റായി കുറച്ചു.
യൂനിറ്റിന് 3.003 രൂപാ നിരക്കില്‍ 1.7743 ദശലക്ഷം യൂനിറ്റ് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും 3.516 ദശലക്ഷം യൂനിറ്റ് ഹരിയാനയില്‍ നിന്നും 1.1722 ദശലക്ഷം യൂനിറ്റ് ഉത്തര്‍പ്രദേശില്‍ നിന്നും ലഭിച്ചതിനാലാണ് ആഭ്യന്തര ഉല്‍പ്പാദനം കുറയ്ക്കാനായത്. ഹരിയാനയ്ക്കും ഉത്തര്‍പ്രദേശിനും കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം നല്‍കിയ വൈദ്യുതിയാണ് ഇപ്പോള്‍ തിരിച്ച് ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."