ഇടറോഡുകളില്‍ അനധികൃതപാര്‍ക്കിങ് ശാപമാകുന്നു 'കുരുക്കിട്ട് 'കക്കാട് റോഡ്
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിന്റെ കഠിനമായ തിരക്കില്‍പെടാതെ തലശ്ശേരി റോഡിലേക്ക് എത്താന്‍ മിക്ക വാഹനയാത്രക്കാരും ആശ്രയിക്കുന്നത് തെക്കി ബസാറിലെ കക്കാട് റോഡിനെയാണ്.
തെക്കി ബസാറില്‍ നിന്ന് ഇടതുവശത്തേക്ക് തിരിയുന്ന ഈ റോഡിലൂടെ 15മിനുട്ടിനുള്ളില്‍ കറുവന്‍വൈദ്യര്‍പീടിക സ്റ്റോപ്പിലെത്താനാകും. അതേസമയം കണ്ണൂര്‍,തലശ്ശേരി റോഡ് വഴി സഞ്ചരിച്ചാല്‍ 45 മിനിറ്റോളം എടുത്താല്‍ മാത്രമാണ് ചൊവ്വ വരെ എത്താനാകുന്നത്. എന്നാല്‍ കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട കുഴികളും ഇടുങ്ങിയ റോഡും റോഡരികില്‍ തന്നെയുള്ള നിയന്ത്രണമില്ലാത്ത വാഹനപാര്‍ക്കിങും കാരണം കക്കാട് റോഡും ഗതാഗത കുരുക്കിന്റെ പിടിയിലമര്‍ന്നുകഴിഞ്ഞു.
തെക്കി ബസാറിലെ ജങ്ഷന്‍ മുതല്‍ നീളുന്ന കുരുക്ക് അവസാനിക്കുന്നത് അരകിലോ മീറ്ററോളം അകലെയുള്ള സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപമാണ്. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ റോഡിന്റെ ഇരുവശങ്ങളിലായി കാറുകളും ഇരുചക്ര വാഹനങ്ങളും ലോറികളുമെല്ലാം നിര്‍ത്തിയിടുന്നതാണ് കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണം. തെക്കി ജങ്ഷനില്‍ റോഡ് ചേരുന്ന ഇടം തന്നെ സ്വകാര്യ ബസുകളുടെ സ്‌റ്റോപ്പാണ്. തിരക്കേറിയ സമയത്ത് സിഗ്‌നല്‍ നല്‍കി വാഹനങ്ങള്‍ ഈ റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ബസുകള്‍ ഇവിടെ നിര്‍ത്തി ആള്‍ക്കാരെ കയറ്റുകയും ചെയ്യുമ്പോള്‍ കുരുക്ക് പ്രധാനപാതയിലേക്കും നീളും. സിഗ്‌നല്‍ നല്‍കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ കാര്യക്ഷമമല്ലാത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. താണ, കണ്ണോത്തുംചാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള എളുപ്പ വഴിയായാണ് ഈ റോഡ് വാഹനയാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. എന്നാല്‍ റോഡില്‍ കുണ്ടുംകുഴിയും നിറഞ്ഞതിനാല്‍ ധനലക്ഷ്മി ആശുപത്രിയിലേക്ക് പോകുന്ന രോഗികളടക്കം ഏറെ പ്രയാസം അനുഭവിക്കുകയാണ്. കക്കാട് റോഡിലെ സ്ഥിരം ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."