അധിക്ഷേപങ്ങള്‍ക്കിരയായി പ്രിയങ്കയും ഊര്‍മിളയും രമ്യയും: ശ്രീധരന്‍ പിള്ളയേയും വിജയരാഘവനേയും കടിച്ചുകീറി സോഷ്യല്‍ മീഡിയ
കോഴിക്കോട്: സ്ത്രീകളെ അധിക്ഷേപിക്കുന്നതില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉന്നതസ്ഥാനത്തിരിക്കുന്നവരും മത്സരിക്കുന്നു. മൈക്കിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ നാലാളുകള്‍ കയ്യടിക്കാന്‍കൂടിയുണ്ടെങ്കില്‍ പച്ചക്കു പറയുന്നവരും കുറവല്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ ചലച്ചിത്രതാരങ്ങളായ സ്ഥാനാര്‍ഥികളും വനിതകളുമെല്ലാം ഇത്തവണ പ്രമുഖരുടെ അധിക്ഷേപങ്ങള്‍ക്കിരയാവുകയാണ്. ഇതിനെതിരേ പ്രതിഷേധം തുടരുമ്പോഴും നിയമനടപടികള്‍ ഉണ്ടാകുമ്പോഴും അധിക്ഷേപങ്ങള്‍ക്കൊരു കുറവുമില്ല.
ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരേയും ചലച്ചിത്രതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഊര്‍മിളക്കെതിരെയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുണ്ടായി. പ്രിയങ്കക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തെത്തിയത് ബി.ജെ.പി നേതാവ് പി എസ് ശ്രീധരന്‍ പിള്ളയാണ്.
പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നായിരുന്നു പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നടി ഊര്‍മിള മഡോദ്ക്കറിനെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവും മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ ഗോപാല്‍ ഷെട്ടിയാണ് രംഗത്തെത്തിയത്.
ഊര്‍മിളയെ കാണാന്‍ കൊള്ളാം എന്നതൊഴിച്ചാല്‍ അവര്‍ രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്നായിരുന്നു സിറ്റിങ് എം.പി കൂടിയായ ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം.
ഊര്‍മിളയെ കാണാന്‍ കൊള്ളാം. വളരെ ഇന്നസെന്റായ മുഖവും ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടുന്ന പ്രകൃതവുമാണ്.
അതേസമയം ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ വന്‍ജനപങ്കാളിത്തമാണല്ലോ ഉള്ളത് എന്ന ചോദ്യത്തിന് ഊര്‍മിളയെ ഒരു നോക്ക് കാണുകയെന്ന ആഗ്രഹത്തില്‍ തടിച്ചുകൂടുന്നവരാണ് അവരെല്ലാമെന്നും വോട്ട് രേഖപ്പെടുത്തേണ്ട സമയം വരുമ്പോള്‍ അവര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുമെന്നും രാഷ്ട്രീയത്തില്‍ അവര്‍ പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പുറത്തുവരുന്നത് കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു.
വിജയരാഘവന്റെ പരാമര്‍ശം വിവാദമായതോടെ ഇടതു ചിന്തകരായ സുനില്‍പി. ഇളയിടം, എസ്.ശാരദക്കുട്ടി എന്നിവരെല്ലാം രംഗത്തു വന്നിട്ടുണ്ട്.
രമ്യാ ഹരിദാസിനെക്കുറിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും തിരുത്തപ്പെടണമെന്നും സ്ത്രീയെ കേവല ശരീരം മാത്രമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശമാണിതെന്നും എഴുത്തുകാരനും ചിന്തകനുമായ സുനില്‍ പി. ഇളയിടം ഫേസ് ബുക്കില്‍ കുറിച്ചു.
സ്ത്രീവിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങള്‍ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്നത് ഗതികേടാണന്നും ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ലെന്നുമാണ് വിഷയത്തില്‍ എസ്. ശാരദക്കുട്ടി ചൂണ്ടിക്കാട്ടുന്നത്.
വിജയരാഘവന്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ് വിഷമമെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പ്രതികരിക്ക്, പ്രതികരിക്ക് എന്ന് പിന്നാലെ നടന്നു പറയുന്ന ഊളകളോടാണ് അടുത്തു പറയാന്‍ പോകുന്നത്. ആണാണെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന നിങ്ങടെയെല്ലാം ഉള്ളിലിരിപ്പ് ഇതു തന്നെയാണ്. ഇതിനു പിന്നാലെ നടന്ന് പ്രതികരിക്കാന്‍ സൗകര്യപ്പെടില്ല. പ്രതികരിക്ക് എന്നു പറയുന്നവനെ ആ നിമിഷം അടിച്ചു പുറത്തു കളയും. വേറെ ജോലികളുണ്ട്. ലജ്ജിക്കേണ്ടത് നിങ്ങളാണ് ഞങ്ങളല്ല. ശാരദക്കുട്ടി എഴുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."