തടിമരങ്ങള്‍ നിറയുന്നു; സംസ്ഥാനപാതയില്‍ അപകടം പതിവാകുന്നു
നാദാപുരം: സംസ്ഥാന പാതയുടെ ഇരുവശവും മരക്കച്ചവടക്കാര്‍ കൈയേറിയതോടെ അപകടം പതിവാകുന്നു. നാദാപുരം-കണ്ണൂര്‍ വിമാനത്താവളം റോഡില്‍ ജില്ലാതിര്‍ത്തിയായ കായപ്പനിച്ചിയിലാണ് റോഡിന്റെ ഇരുവശങ്ങളിലും തടിമരങ്ങള്‍ കൂന്നുകൂട്ടിയിട്ടിരിക്കുന്നത്.
മരക്കച്ചവടക്കാരും മില്ലുകാരും മലയോര മേഖലയില്‍നിന്ന് ഏജന്റുമാര്‍ മുഖേന ശേഖരിക്കുന്ന തടിമരങ്ങള്‍ റോഡിന്റെ പാര്‍ശ്വങ്ങളില്‍ സൂക്ഷിക്കുകയും വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് റോഡിന്റെ വീതി കുറഞ്ഞ് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. ഇവിടെ വളവും തിരിവുമില്ലാത്ത റോഡില്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കാറ്. മരത്തടികള്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്നതിനാല്‍ അപകടം വിളിച്ചുവരുത്തുകയാണ്.
നേരത്തെ ഇതിലെ സഞ്ചരിക്കുന്നവര്‍ മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂര്‍ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും വിശ്രമിക്കാനും ഇവിടം ഉപയോഗിച്ചിരുന്നു. എന്നാല്‍ കൈയേറ്റം ഇവര്‍ക്കും വിനയായിരിക്കുകയാണ്. ഇവിടെ പ്രവര്‍ത്തിക്കുന്ന നിരവധി തട്ടുകടകള്‍ സുരക്ഷയുടെ പേരില്‍ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. ഈ സ്ഥലവും ഇപ്പോള്‍ തടി ഇറക്കി സൂക്ഷിച്ച നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."