ലൈവായി മീന്‍ പിടിക്കാം..വാങ്ങാം.., നെല്ലിപ്പറമ്പിലേക്ക് വരൂ...
മഞ്ചേരി: ലൈവായി മീന്‍ പിടിക്കാം, കരിമീന്‍, തിലോപ്പിയ, കട്ട്‌ല, ഗ്രാസ് തുടങ്ങിയ ഒത്തിരി ഇനങ്ങള്‍. ഇനം പറഞ്ഞ് മീന്‍ വാങ്ങാനും കിട്ടും. നെല്ലിപറമ്പിലേക്ക് വന്നാല്‍ മതി. സുഹൃത്തുക്കളായ കാരക്കുന്ന് സ്വദേശി ഖലീലും കിടങ്ങഴി സ്വദേശി അബ്ദുറഹ്മാനും ചേര്‍ന്ന് എട്ടേക്കര്‍ പാടത്ത് നടത്തുന്ന പ്ലാസ് ഫിഷ്‌ലാന്‍ഡിലാണ് മീന്‍ പിടിത്തവും കച്ചവടവും തകൃതിയായി നടക്കുന്നത്. ദിനേനെ 30,000 രൂപയുടെ മീനുകള്‍ വരെ ഇവിടെ വില്‍പന നടത്തുന്നുണ്ട്. കിലോഗ്രാമിന് 150 മുതല്‍ 200 രൂപവരെയാണ് നിരക്ക്. വരാല്‍, കടു, മുഷി തുടങ്ങിയ നാടന്‍ ഇനങ്ങളും ലഭിക്കും. 400 രൂപക്ക് മുകളിലാണ് വില.
മത്സ്യങ്ങളെല്ലാം ഫോര്‍മാലിന്‍ കലര്‍ന്നതാണെന്ന വാര്‍ത്ത പരന്നതോടെ പ്ലാസയില്‍ വന്‍ തിരക്കാണ്. നട്ടര്‍, രോഹു, കട്ട്‌ല, മൃഗാല്‍ എന്നീ മീനുകള്‍ക്കാണ് ഡിമാന്റ്. ആവശ്യക്കാര്‍ പറയുന്നതനുസരിച്ച് കുളത്തില്‍നിന്ന് ജീവനോടെ പിടിച്ചുനല്‍കും. ചൂണ്ടയിട്ടും വലയെറിഞ്ഞും മീന്‍കൂടവച്ചുമാണ് മീന്‍പിടിത്തം.
ഖലീലും അബ്ദുറഹ്മാനും നാലുവര്‍ഷംമുന്‍പാണ് നെല്ലിപറമ്പിലെ എട്ടേക്കര്‍ പാടത്തെ ഫിഷ്‌ലാന്‍ഡ് ഏറ്റെടുത്തത്. ഇവിടെ ഒന്നര ഏക്കര്‍മുതല്‍ 40 സെന്റുവരെയുള്ള 14 കുളങ്ങളുണ്ട്. ശാസ്ത്രീയമായാണ് ഇവിടെ മത്സ്യകൃഷിയിറക്കിയത്. കുളങ്ങള്‍ വലകെട്ടി സംരക്ഷിക്കും. ഓരോ കുളത്തിലെയും മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണം തിരിച്ചറിഞ്ഞ് കൃഷിയിറക്കുകയാണ് പ്രധാനം.
മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയില്‍തന്നെ നല്ലയിനം തീറ്റ നല്‍കി വളര്‍ത്തുന്നതിനാല്‍ മികച്ച വിളവും തൂക്കവും ലഭിക്കും. മണ്ണിന്റെ ഗുണനിലവാരവും ജലത്തിന്റെ പി.എച്ച് അടക്കമുള്ള ഘടകങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
കുളങ്ങള്‍ പരിപാലിച്ചും മീനുകള്‍ക്ക് തീറ്റ നല്‍കിയും ഖലീലും അബ്ദുറഹ്മാനും എപ്പോഴും ഫിഷ്‌ലാന്‍ഡിലുണ്ടാവും. താറാവ്, കോഴി, ആട് എന്നിവയെല്ലാം വളര്‍ത്തുന്നുണ്ട്. ഫിഷ്‌ലാന്‍ഡിലെ ഒരുഭാഗത്ത് നഴ്‌സറിയാണ്.
വിവിധയിനം അത്യുത്പാദനശേഷിയുള്ള വൃക്ഷതൈകളും വില്‍പനക്കുണ്ട്. വിദേശിയടക്കം വിവിധ വര്‍ണങ്ങളിലുള്ള വ്യത്യസ്തതരം അലങ്കാര കിളികളെയും കോഴികളെയും വാങ്ങാനും ആവശ്യക്കാര്‍ എത്തുന്നു. ബോട്ടിങ് സൗകര്യം കൂടി ഒരുക്കിയതോടെ വിദേശികളും ഈ കൃഷിയിടത്തില്‍ എത്തുന്നുണ്ട്. താറാവ്, കോഴി, ആട്, മീന്‍, മുയല്‍ തുടങ്ങി നിരവധി വളര്‍ത്തു ഇനങ്ങളുമായി നാല് വര്‍ഷം മുന്‍പാണ് പ്ലാസ് ഫിഷ്‌ലാന്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ നാല് വര്‍ഷമായി ഇല്ലാത്ത തിരക്കാണ് കഴിഞ്ഞ ഒരു മാസത്തിനിടെ അനുഭപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."