തൂത്തുകുടി കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു, തമിഴ്‌നാട് ഡിജിപിക്ക് നോട്ടിസ്
ചെന്നൈ: തൂത്തുകുടി കസ്റ്റഡിമരണ കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ തമിഴ്‌നാട് ഡിജിപിക്കും ജയില്‍ മേധാവിക്കും നോട്ടിസ് അയച്ചു. അന്വേഷണ റിപ്പോര്‍ട്ട് ,ചികിത്സാ രേഖകള്‍,റിമാന്‍ഡ് രേഖകള്‍ എന്നിവ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് കോടതി പറഞ്ഞത്.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതനുസരിച്ച് സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം കൊലപാതകത്തില്‍ ഉള്‍പ്പെട്ട പൊലിസുകാരുടെ ശിക്ഷ ഉറപ്പാക്കണമെന്ന് നടന്‍ രജനികാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
'തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും മജിസ്‌ട്രേറ്റിനെ കേസന്വേഷിക്കുന്നതില്‍ പൊലീസ് നിന്ന് തടയാന്‍ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കും ശിക്ഷ ഉറപ്പാക്കണം, രജനികാന്ത് പറഞ്ഞു.
തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിര പ്രതിഷേധം ശക്തമാണ്.
സിനിമാരാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ പൊലീസിന്റെ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം രജനീകാന്ത് ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."