മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പരിശ്രമം വേണം: ജില്ലാ കലക്ടര്‍
പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റുമാരുമായി കൂടിയാലോചിക്കുകയും വിലയിരുത്തുകയും ചെയ്യണം
പാലക്കാട്: ജില്ലയില്‍ നടക്കുന്ന മഴക്കാല രോഗ പ്രതിരോധ നടപടികളുടെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പരിശ്രമം വേണമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയള്ള ജില്ലയിലെ 25 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കൊതുകിന്റെ ഉറവിടങ്ങളെക്കുറിച്ചുള്ള പരിശോധന റിപ്പോര്‍ട്ട് കുറ്റമറ്റതാകണമെന്നും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്ന് ഡി.എം.ഒ കെ.പി റീത്ത യോഗത്തില്‍ ആവശ്യപ്പെട്ടു. ഡ്രൈ ഡേ ആചരണം നിര്‍ബന്ധമാക്കണമെന്നും ഫോഗിംങ് ശക്തമാക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.
രോഗ പ്രതിരോധ നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റുമാരുമായി കൂടിയാലോചിക്കുകയും വിലയിരുത്തുകയും ചെയ്യണം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുള്ള പരിധികളിലെ അധിക ചുമതല വഹിക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പ്രദേശത്തെ കൊതുക് നശീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുമായി സഹകരിച്ച് കൊതുകിന്റെ ഉറവിടം കണ്ടെത്തി നശീകരണ മാര്‍ഗങ്ങള്‍ ചെയ്യേണ്ടതാണ്. ഡെപ്യൂട്ടി ഡി.എം.ഒമാരായ നാസര്‍, അനുപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ സുബ്രഹ്മണ്യ വാര്യര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്യാമലക്ഷ്മി എന്നിവര്‍ പങ്കെടുത്തു. ചിറ്റൂര്‍, പാലക്കാട് മുനിസിപ്പാലിറ്റി എലപ്പുള്ളി, നെല്ലായ, മരുതറോഡ്, നല്ലേപ്പുള്ളി, കൊഴിഞ്ഞാമ്പാറ, ചെര്‍പ്പുളശ്ശേരി, കാരാകുറിശ്ശി, വണ്ണാമട, നെന്മാറ, കോട്ടോപ്പാടം, ചളവറ, മുണ്ടൂര്‍, ഒഴലപ്പതി, അഗളി, വാണിയംകുളം, കോട്ടായി, കണ്ണമ്പ്ര, കാവശ്ശേരി, കൊപ്പം, തിരുവേഗപ്പുറ, വിളയൂര്‍, കുലുക്കല്ലൂര്‍, വല്ലപ്പുഴ ഉള്‍പ്പടെ 25 പഞ്ചായത്തുകളുടെ പ്രതിനിധികള്‍ ആണ് യോഗത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."