വീട്ടു നമ്പര്‍ ലഭിക്കാത്തതില്‍ പ്രതിഷേധം: ദളിത് കുടുംബം നഗരസഭ ഒഫിസിനു മുന്നില്‍ സമരം നടത്തി
ഷൊര്‍ണൂര്‍: വീടിന് നമ്പര്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ദളിത് കുടുംബം നഗരസഭ ഒഫിസിനു മുന്നില്‍ വായ് മൂടിക്കെട്ടി സമരം നടത്തി. ചുഡുവാലത്തൂര്‍ കുന്നത്ത് തൊടി ശശീന്ദ്രനും കുടുംബവും, പട്ടികജാതി ക്ഷേമപ്രവര്ത്തകരായ കെ പരമേശ്വരന്, രാധാകൃഷ്ണന് എന്നിവരും സമരത്തില്‍ പങ്കാളികളായി. 2009ല്‍ സ്ഥലം വാങ്ങുന്നതിന് സഹായധനവും തുടര്‍ന്ന് വീട് നിര്‍മ്മാണത്തിനും നഗരസഭയുടെ സഹായധനം ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചത്. വീട്ടുനമ്പര്‍ ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചപ്പോള്‍ കൃഷിഭൂമിയിലാണ് വീട് നിര്‍മ്മാണമെന്ന പരാതിയെ തുടര്‍ന്ന് വീട്ടു നമ്പര്‍ നിഷേധിക്കുകയായിരുന്നു. നമ്പര്‍ ലഭിക്കാത്തതുമൂലം വൈദ്യുതി കണക്ഷന് എടുക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല റേഷന്‍ കാര്‍ഡിനും അപേക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കാരക്കാട് കമ്പനി സ്റ്റോപ്പിലാണ് ശശീന്ദ്രന്റെ വീട്. രണ്ടു ആണ്മക്കള് ഉണ്ടെങ്കിലും രോഗബാധിതരാണ്. കൂലിപ്പണി എടുത്താണ് കുടുംബം കഴിയുന്നത്. ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ സജീവ സി.പി.എം പ്രവര്‍ത്തകരാണ് ശശീന്ദ്രന്റെ കുടുംബം. പാര്‍ട്ടിയുടെ സമുദായ സംഘടനയായ പട്ടികജാതി ക്ഷേമസമിതി അംഗങ്ങള്‍ കൂടിയാണ് ഇവര്‍. എന്നാല്‍ സമിതി പ്രവര്‍ത്തകരോ മറ്റു പാര്‍ട്ടി പ്രവര്‍ത്തകരോ അന്വേഷിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിഷയം സംബന്ധിച്ച് രാഷ്ട്രീയമാനങ്ങള്‍ വന്നു തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."