പ്ലസ്‌വണ്‍: 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചു
60,000ത്തിലധികം വിദ്യാര്‍ഥികള്‍ക്കുകൂടി അവസരം
മലപ്പുറം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റിന്റെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. മുന്‍വര്‍ഷങ്ങളില്‍ മുഖ്യഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷമാണ് സീറ്റ് വര്‍ധിപ്പിച്ചിരുന്നത്.
പ്രവേശനത്തിന്റെ അവസാനഘട്ടത്തിലുണ്ടാകുന്ന സീറ്റ് വര്‍ധന മിക്ക വിദ്യാര്‍ഥികള്‍ക്കും ഗുണം ചെയ്യാറില്ല. അപ്പോഴേക്കും നല്ല മാര്‍ക്ക് ലഭിച്ചവര്‍ വന്‍തുക നല്‍കി മാനേജ്‌മെന്റ് സീറ്റുകളില്‍ പ്രവേശനം നേടിയിരിക്കും. മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ഇഷ്ടമുള്ള കോഴ്‌സിന് പ്രവേശനം ലഭിക്കുകയും ചെയ്യും. നിരവധി വിദ്യാര്‍ഥികള്‍ സമാന്തര സംവിധാനങ്ങളില്‍ അവസരം കണ്ടെത്തുന്നതിനാല്‍ മിക്ക ജില്ലകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും പതിവാണ്. ഇതു പരിഹരിക്കാന്‍ കഴിഞ്ഞവര്‍ഷം മുതലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ട്രയല്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയായ ശേഷമാണ് കഴിഞ്ഞവര്‍ഷം സീറ്റ് വര്‍ധിപ്പിച്ചത്. പ്ലസ്‌വണ്‍ പ്രവേശന നടപടികളുടെ പ്രാരംഭഘട്ടത്തില്‍ തന്നെ സീറ്റു വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യും.
ശരാശരിക്കു മുകളില്‍ മാര്‍ക്കുനേടിയ വിദ്യാര്‍ഥികള്‍ക്ക് വീടിനടുത്തുള്ള സ്ഥലങ്ങളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ സംസ്ഥാനത്തെ 60,000ത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് പ്ലസ്‌വണ്ണിന് പുതുതായി അവസരം ലഭിക്കുക.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 3,56,730 പ്ലസ്‌വണ്‍ സീറ്റുകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ മേഖലയില്‍ 1,40,950 ഉം എയ്ഡഡ് മേഖലയില്‍ 1,64,850 ഉം അണ്‍ എയ്ഡഡ് മേഖലയില്‍ 50,930 ഉം സീറ്റുകളാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ ആനുപാതിക സീറ്റ് വര്‍ധന പരിഗണിക്കാതെയുള്ള കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം ആനുപാതിക സീറ്റ് വര്‍ധനവ് ഉണ്ടായാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി ഇത്തവണ 61,160 പ്ലസ്‌വണ്‍ സീറ്റുകള്‍ വര്‍ധിക്കും. ഇതോടെ സംസ്ഥാനത്തെ സീറ്റുകളുടെ എണ്ണം 4,17,890 ആകും. സര്‍ക്കാരിന് അധികബാധ്യത വരുത്താത്ത വിധത്തിലാണ് സീറ്റ് വര്‍ധിപ്പിച്ചിരിക്കുന്നത്.
നിലവില്‍ 50 സീറ്റുള്ള ബാച്ചുകളില്‍ 60 കുട്ടികള്‍ക്കാകും പ്രവേശനം നല്‍കുക. നിലവിലുള്ള പ്ലസ്‌വണ്‍ പ്രവേശന മാനദണ്ഡങ്ങള്‍ പാലിച്ച് അധികം അനുവദിച്ച സീറ്റുകള്‍കൂടി ഉള്‍പ്പെടുത്തിയാകും ട്രയല്‍ അലോട്ട്‌മെന്റും തുടര്‍ന്ന് ആദ്യ അലോട്ട്‌മെന്റും നടക്കുക. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അണ്‍ എയ്ഡഡ് മേഖലകളില്‍ സീറ്റ് വര്‍ധിപ്പിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."