ഫോര്‍ ദ പീപ്പിളില്‍ ലഭിച്ചത് 952 പരാതികള്‍
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഫോര്‍ ദ പീപ്പിളില്‍ പരാതിക്കൂമ്പാരം. വെബ് പോര്‍ട്ടല്‍ തുടങ്ങി ഒന്നര വര്‍ഷമാകുമ്പേഴേക്കും 952 പരാതികളാണ് ലഭിച്ചത്. ഇതില്‍ 743 എണ്ണത്തിന് പരിഹാരം കണ്ടു. ഓരോ ദിവസവും ശരാശരി രണ്ടും മൂന്നും പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്നലെയും ഒരു പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആദ്യത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം സേവനം ലഭിക്കുന്നില്ലെങ്കിലോ, ഉദ്യോഗസ്ഥര്‍ അഴിമതിയും സ്വജനപക്ഷപാതവും കാണിക്കുന്നുണ്ടെങ്കിലോ തെളിവു സഹിതം പരാതി നല്‍കാന്‍ അവസരമുണ്ട്.
പഞ്ചായത്ത്, ഗ്രാമ വികസനം, നഗരകാര്യം, നഗരാസൂത്രണം, തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വകുപ്പുകളെയാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തുകളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്. ഇതുവരെ 735 പരാതികള്‍ ലഭിച്ചതില്‍ 631 എണ്ണത്തിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. 116 പരാതികളാണ് നഗരസഭകളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. ഇതില്‍ 49 എണ്ണത്തിന് പരിഹാരമുണ്ടാക്കി. എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് ലഭിച്ച 81 പരാതികളില്‍ 56എണ്ണം പരിഹരിച്ചു.
പഞ്ചായത്തുകളില്‍ നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടുന്നതിനുള്ള അനാവശ്യ കാലതാമസം, പെന്‍ഷന്‍ വിതരണത്തിലെ അപാകത, പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനധികൃത അനുമതി നല്‍കിയതായും പരാതികളുണ്ട്.
അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വിഡിയോ ക്ലിപ്പിങ്ങുകളായി ലോകത്തെവിടെ നിന്നും അറിയിക്കാനുള്ള സംവിധാനം ലഭ്യമാണ്. വ്യാജ പരാതികള്‍ ഒഴിവാക്കുന്നതിന് പരാതിക്കാരന്റെ ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നമ്പര്‍ നല്‍കിയാലേ പോര്‍ട്ടലിലേക്കു പ്രവേശിക്കാന്‍ കഴിയൂ. പരാതികളില്‍ സ്വീകരിച്ച നടപടികള്‍ ഓണ്‍ലൈന്‍ വഴി തന്നെ പരാതിക്കാരനെ അറിയിക്കും.
സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുന്നുണ്ടോയെന്നു വകുപ്പ് മന്ത്രിയുടെ ഓഫിസിലും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിലയിരുത്താനും അനാവശ്യ കാലതാമസമുണ്ടായാല്‍ ഇടപെടാനുമുള്ള സംവിധാനം പോര്‍ട്ടലിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലാണെന്ന് 2016-17ലെ വിജിലന്‍സ് സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."