ഇന്നെങ്കിലും ജയിക്കണം
ബംഗളൂരു: തുടര്‍ച്ചയായി നാലു മത്സരം തോറ്റ റോയല്‍ ചലഞ്ചേഴ്‌സിന് ഇന്ന് ജയിക്കണം. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയിട്ടും ടീമിന് ഒറ്റ മത്സരം പോലും ജയിക്കാനായിട്ടില്ല. ആദ്യ മത്സരത്തിലേറ്റ ദയനീയ പരാജയത്തിന് ശേഷം ഒറ്റ മത്സരത്തിലും ചലഞ്ചേഴ്‌സ് വിജയം കണ്ടിട്ടില്ല. സ്വന്തം മൈതാനത്ത് കൊല്‍ക്കത്തക്കെതിരേയാണ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിറങ്ങുന്നത്.
ആസ്‌ത്രേലിയയില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയതിന് ശേഷം കോഹ്‌ലി നയിച്ച ടീമെല്ലാം സമ്പൂര്‍ണ പരാജയമായിരുന്നു. മുംബൈക്കെതിരേയും രാജസ്ഥാനെതിരേയും ആര്‍.സി.ബി മികച്ച പ്രകടനം പുറത്തെടുത്താണ് പരാജയപ്പെട്ടത്. എന്നാല്‍ ചെന്നൈക്കെതിരേ മോശം പ്രകടനായിരുന്നു പുറത്തെടുത്തതെന്ന് കോഹ്‌ലി തന്നെ സമ്മതിച്ചിരുന്നു.
അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന നാലു ക്യാച്ചുകളാണ് ടീം വിട്ടുകളഞ്ഞത്. ബാക്കിയുള്ള പത്ത് മത്സരങ്ങളും ജയിച്ചാല്‍ ടീമിന് കരകയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. നാല് മത്സരങ്ങളും വിലയിരുത്തി ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ജയം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കോഹ്‌ലി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വമ്പന്‍ പരാജയങ്ങളായ താരങ്ങളെ ഇന്നത്തെ മത്സരത്തില്‍ പുറത്തിരുത്തിയേക്കും. വിരാട് കോഹ്‌ലി, എ. ബി ഡിവില്ലേഴ്‌സ്, ഹെറ്റ്‌മെയര്‍, മൊയീന്‍ അലി എന്നിവര്‍ ബാറ്റുകൊണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇതാണ് ടീമിനെ പലപ്പോഴും തോല്‍വിയിലേക്ക് നയിക്കുന്നതെന്ന് കോഹ്‌ലി പറഞ്ഞു.
എതിര്‍ നിരയെ വീഴ്ത്തുന്നതില്‍ ആര്‍.സി.ബിയുടെ ബൗളിങ് നിരയും അത്ര നല്ല പ്രകടനമല്ല പുറത്തെടുക്കുന്നത്. മെച്ചപ്പെട്ട സ്‌കോര്‍ കണ്ടെത്തിയാല്‍ ഇതിനെ തടയുന്നതില്‍ ബൗളര്‍മാര്‍ വിജയിക്കാത്തതും ആര്‍. സി. ബിക്ക് വിനയാകുന്നുണ്ട്. എന്തായാലും അഞ്ചാം മത്സരത്തിലെങ്കിലും ജയം കണ്ടെത്തിയാല്‍ മാത്രമേ കോഹ്‌ലിക്ക് ടൂര്‍ണമെന്റിലേക്ക് തിരിച്ച് വരാന്‍ സാധിക്കു.
ലോകകപ്പിന് മുന്‍പ് നായകന്‍ എന്ന പേര് വീണ്ടെടുക്കണമെങ്കില്‍ കോഹ്‌ലിക്ക് ടീമിനെ ജയത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്. നാലാം മത്സരത്തിനിറങ്ങുന്ന കൊല്‍കത്തയുടെ അക്കൗണ്ടില്‍ രണ്ട് ജയവും ഒരു തോല്‍വിയുമാണുള്ളത്.
അവസാന മത്സരത്തില്‍ ജയത്തിലേക്കെത്തിയിരുന്ന കൊല്‍ക്കത്ത സൂപ്പര്‍ ഓവറില്‍ ഡല്‍ഹിക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.
മികച്ച ഫോമിലുള്ള ബാറ്റിങ്‌നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്. മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ റസലില്‍ തന്നെയാണ് ഇന്നും കൊല്‍ക്കത്തയുടെ വിശ്വാസം. സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, റസല്‍, പിയൂഷ് ചൗള എന്നിവര്‍ ആര്‍.സി.ബി നിരയെ എറിഞ്ഞിടാനും തയാറായാല്‍ തങ്ങളുടെ നാലാം മത്സരം കൊല്‍ക്കത്തക്ക് അവിസ്മരണീയമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."