HOME
DETAILS
MAL
ഷംന കേസ്: പ്രതികള്‍ക്കെതിരേ മൊഴി നല്‍കാന്‍ പൊലിസ് സമ്മര്‍ദമെന്ന് ഏഴാം പ്രതിയുടെ ഭാര്യ
backup
July 05 2020 | 02:07 AM
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലിസ് സമ്മര്‍ദം ചെലുത്തുന്നതായി ഏഴാം പ്രതി മുഹമ്മദ് ഷെരീഫിന്റെ ഭാര്യ. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തുന്നുവെന്നും ഇവര്‍ പറഞ്ഞു.
അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും എന്നാല്‍ പൊലിസ് പ്രതിയാക്കുമെന്ന് ആശങ്കയുണ്ടെന്നും മുഹമ്മദ് ഷെരീഫിന്റെ ഭാര്യ പറഞ്ഞു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇവര്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ബ്ലാക്ക് മെയിലിങ് കേസിന് പിന്നാലെ വന്ന പരാതികളില്‍ രണ്ട് കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്‍പത് പ്രതികളുടെ അറസ്റ്റാണ് ഇതോടെ രേഖപ്പെടുത്തിയത്. ഒരുലക്ഷം രൂപയും സ്വര്‍ണവും പ്രതികള്‍ തട്ടിയെന്ന് മലപ്പുറം സ്വദേശി നല്‍കിയ പരാതിയിലാണ് കേസ്.
അതേസമയം ഷംന കാസിമിന്റെ വീട്ടില്‍ സിനിമാ നിര്‍മാതാവിന്റെ പേരില്‍ എത്തിയ ആളും വ്യാജനെന്ന് പൊലിസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ് ജോണി എന്ന നിര്‍മാതാവായി വീട്ടിലെത്തിയതെന്ന് പൊലിസ് പറഞ്ഞു. ജൂണ്‍ 20നാണ് രാജു എത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഷംന കാസിമിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് ആരോടും വരാന്‍ ആവശ്യപ്പെട്ടില്ലെന്ന വിവരം ലഭിച്ചത്. ഇതോടെ ഇയാള്‍ സ്ഥലം വിട്ടു.പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രാജുവാണെന്ന് മനസിലായത്. ഇയാള്‍ എന്തിന് ഷംനയുടെ വീട്ടില്‍ വന്നു എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പൊലിസ് ശ്രമിക്കുകയാണ്. അതേസമയം അപരിചിതരായവര്‍ക്ക് താരങ്ങളുടെ ഫോണ്‍ നമ്പരുകള്‍ നല്‍കരുതെന്ന് ചൂണ്ടി കാട്ടി ഫെഫ്ക പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂനിയന് കത്ത് നല്‍കി. ഷംന കാസിമിന്റെ നമ്പര്‍ ദുരുപയോഗം ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."