ആസൂത്രണത്തിലെ അപാകത; ആശുപത്രി കെട്ടിടം ഉദ്ഘാടനം വൈകുന്നു ഉദ്ഘാടനത്തിന് മുന്‍പേ വിള്ളല്‍ വീണത് വിവാദമാകുന്നു
തളിപ്പറമ്പ്: ഉദ്ഘാടനത്തിന് മുന്‍പേ തന്നെ വിള്ളല്‍ വീണു പൊളിഞ്ഞു തുടങ്ങിയ ആശുപത്രി കെട്ടിടത്തെ ചൊല്ലി വിവാദമുയരുന്നു.
ആറു കോടി രൂപ ചെലവില്‍ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ നിര്‍മിച്ച അമ്മയും കുഞ്ഞും ആശുപത്രി കെട്ടിടമാണ് വിള്ളല്‍ വീണു പൊടിഞ്ഞു തുടങ്ങിയത്.
നിര്‍മാണം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് നിലയില്‍ പണിയാനുദ്ദേശിച്ച കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോര്‍ ഉള്‍പ്പെടെ രണ്ടു നിലകളാണ് പൂര്‍ത്തീകരിച്ചത്. പന്ത്രണ്ട് കോടിയോളം രൂപയുടെ പദ്ധതിയാണിത്. ലേബര്‍ വാര്‍ഡ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളും കെട്ടിടത്തിലുണ്ട്.
ആദ്യം അനുമതി ലഭിച്ച രണ്ടുനിലയുടെ പണി പൂര്‍ത്തീകരിച്ചുവെങ്കിലും പുതുതായി അനുമതി കിട്ടിയ ബാക്കി മൂന്ന് നിലകളുടെ പ്രവൃത്തി നടക്കുമ്പോള്‍ രോഗികളെ താഴത്തെ നിലകളില്‍ കിടത്താന്‍ പ്രയാസമായതിനാലാണ് ഉദ്ഘാടനം വൈകുന്നതെന്ന വാദം ആസൂത്രണത്തിലെ അപാകതയാണ്.
ഇതിനിടെയാണ് പണിപൂര്‍ത്തിയായ കെട്ടിടത്തില്‍ വിള്ളല്‍ വീണ് പൊളിഞ്ഞു തുടങ്ങിയിരിക്കുന്നത്.
കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചുമരില്‍ വിള്ളല്‍ വീണ് സിമന്റ് അടര്‍ന്നു തുടങ്ങിയതോടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം തന്നെ ഭീഷണിയിലായിരിക്കയാണ്. നിര്‍മാണ ഘട്ടത്തില്‍ തന്നെ ക്രമക്കേടുകള്‍ പലതും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം ഇത് ചെവിക്കൊണ്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
താലൂക്ക് ആശുപത്രിക്കായി നിര്‍മിച്ച 60 വര്‍ഷത്തോളം പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റി നാലോ അഞ്ചോ നിലകളിലായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ മാത്രമേ സൗകര്യം വര്‍ദ്ധിപ്പിക്കാനാവൂ എന്നിരിക്കെ കോടികള്‍ ചെലവഴിച്ച് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ രോഗികള്‍ക്ക് ഉപയോഗിക്കാനാകാത്തതിനെതിരേ വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."