കാവനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സി.എച്ച്.സിയാക്കണമെന്ന് ആവശ്യം
കാവനൂര്‍: നൂറു കണക്കിനു രോഗികളുടെ ആശ്രയ കേന്ദ്രമായ കാവനൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്ത് മഞ്ഞപ്പിത്തവും പകര്‍ച്ചപ്പനിയും അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പി.എച്ച്.സിയോട് അധികൃതരുടെ അവഗണന തുടരുകയാണ്.ഒരേക്കറിലധികം സ്ഥലവും കെട്ടിടങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ കുറവു മൂലം ദിനംപ്രതി ആശുപത്രിയിലെത്തുന്ന 400 ലധികം വരുന്ന രോഗികളാണു ദുരിതത്തിലാവുന്നത്.
നിലവില്‍ രണ്ടു ഡോക്ടര്‍മാരുണ്ടെങ്കിലും ഒരാള്‍ക്കു മാസത്തില്‍ ചുരുങ്ങിയതു എട്ട് ദിവസം ഫീല്‍ഡിലും പുറമെ സ്‌പെഷല്‍ ക്യാംപുകളും സ്‌കൂളുകളടക്കമുള്ള സ്ഥാപനങ്ങളിലെ സന്ദര്‍ശനം കൂടി വരുമ്പോള്‍ ഫലത്തില്‍ 400 പേര്‍ക്ക് ഒരു ഡോക്ടറെന്ന സ്ഥിതിയാണുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ട്രെയ്‌നിംഗ് ആശുപത്രിയായി കാവനൂര്‍ പി.എച്ച്.സിയെ പരിഗണിക്കുന്നതിനാല്‍ മെഡിക്കല്‍ കോളജിലെ ഒന്നാം ബാച്ച് നാലാം വര്‍ഷത്തിലെത്തുന്നതു മുതല്‍ ട്രെയ്‌നിംഗ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുമെന്ന ആശ്വാസത്തിലാണു പ്രദേശവാസികള്‍.
ഒ.പി കെട്ടിടം
പുനര്‍നിര്‍മിക്കണം
നിലവിലുള്ള ഒ.പി കെട്ടിടം കാലപ്പഴക്കം കാരണം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയിട്ടുണ്ട് കാലമേറെയായി. കെട്ടിടത്തിലെ സൗകര്യങ്ങളും പരിമിതമാണ്. രോഗികള്‍ക്കു ടോക്കണ്‍ വാങ്ങി ഇരിക്കാനും അസൗകര്യമുണ്ട്. അതിനാല്‍ പരിശോധന പുതിയ കെട്ടിടത്തിലേക്കു മാറ്റി പഴയ കെട്ടിടം പുനര്‍നിര്‍മിക്കണമെന്നാണു ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.
പ്രധാന കവാടം
മാറ്റി നിര്‍മിക്കണം
മഞ്ചേരി അരീക്കോട് സംസ്ഥാന പാതയോരത്തുള്ള ആശുപത്രി റോഡില്‍ നിന്നും അല്‍പ്പം താഴ്ച്ചയിലായതു കാരണം മഴ പെയ്താല്‍ റോഡിലെ വെള്ളം ആശുപത്രി മുറ്റത്തും വരാന്തയിലൂടെയും ഒഴുകുന്നതു രോഗികള്‍ക്കും ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിനു പരിഹാരമായി പ്രധാന കവാടം ആശുപത്രിയുടെ വലതു വശത്തുള്ള പഞ്ചായത്ത് റോഡിലൂടെയാക്കി പുനര്‍നിര്‍മിച്ചാല്‍ വെള്ളമൊഴുക്കു തടയുന്നതോടൊപ്പം വാഹന പാര്‍ക്കിങ്ങിനും സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."