'ജലസ്രോതസുകളുടെ സമ്പൂര്‍ണ പട്ടിക തയാറാക്കണം'
മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന തോടുകള്‍, ഇടത്തോടുകള്‍, കൈതോടുകള്‍, പൊതുസ്വകാര്യ കുളങ്ങള്‍, പൊതുകിണറുകള്‍ എന്നീ ജലസ്രോതസുകളുടെ സമ്പൂര്‍ണ പട്ടിക തയ്യാറാക്കണമെന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.കെ.എം അഷറഫ് ആവശ്യപ്പെട്ടു.
കുടിവെള്ളം, കാര്‍ഷികാവശ്യങ്ങള്‍ എന്നീ അത്യാവശ്യ ഘടകങ്ങള്‍ പരിഗണിച്ച് നിലവിലെ ജലസ്രോതസുകളുടെ സംരക്ഷണവും അന്യാധീനപ്പെട്ടവയുടെ പുന:സ്ഥാപനവും നടത്താനായി സത്വര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി പൊതുജനങ്ങള്‍ കുടിവെള്ളത്തിനും കുളിക്കാനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന പൊതുകിണറുകളും കുളങ്ങളും മണ്ണിട്ട് നികത്തി പറമ്പാക്കി മാറ്റിയിരിക്കയാണ്.
2008 ലെ കേരള നെല്‍വയല്‍തണ്ണീര്‍ത്തട നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഇത്തരത്തിലുള്ള ജനദ്രോഹം വ്യാപകമായി നടന്നിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. വലിയപാടം, മുല്ലേപ്പറമ്പ് ഭാഗങ്ങളിലെ ഒന്‍പത് സ്വകാര്യ കുളങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിന് മുന്‍പ് മണ്ണിട്ട് നികത്തുകയോ അവയിലേക്കുള്ള പ്രവേശന സൗകര്യം ഇല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. പ്രദേശത്തെ നീളംകുളം മാത്രമാണ് പഞ്ചായത്തിന്റെ അധീനതയിലായിട്ടുള്ളത്.
തണ്ണീര്‍ത്തട നിയമം വന്ന ശേഷം നികത്തിയ വട്ടക്കുളത്തിലൂടെയാണ് ഈ കുളത്തിലേക്ക് വെള്ളമെത്തിയിരുന്നത്. ഇതുമൂലം നീളംകുളത്തില്‍ നാമമാത്രമായ ജലം മാത്രമാണ് ഉള്ളത്. ഇവക്കെല്ലാം പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും അടിയന്തിരമായി ശ്രദ്ധ ചെലുത്തണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."