കേരള മോഡല്‍ മദ്റസകള്‍; നിര്‍വൃതിയോടെ ബംഗാളി തൊഴിലാളികള്‍
ശംസുദ്ധീന്‍ ഫൈസി
മഞ്ചേരി: കേരളത്തിലേതു പോലെ ജന്മനാട്ടിലൊരു മദ്റസയെന്ന ബംഗാളി തൊഴിലാളികളുടെ സ്വപ്നം പൂവണിഞ്ഞു. ബംഗാളിലെ നദിയ ജില്ലയിലെ ബസദഫൂര് ഗ്രാമത്തില്‍ താമസിക്കുന്നവരാണ് മതപഠനത്തിന് അവസരം ലഭിച്ചതില്‍ ആത്മനിര്‍വൃതിയടയുന്നത്. മലപ്പുറം ജില്ലയിലെ മഞ്ചേരി- കാരക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഇന്റര്‍ലോക്ക് കമ്പനിയില്‍ മാസങ്ങള്‍ക്കു മുമ്പ് തൊഴിലെടുക്കാന്‍ ഈ ഗ്രാമത്തില്‍ നിന്നെത്തിയ നൂറ്റി അമ്പതിലേറെ വരുന്ന തൊഴിലാളികള്‍ കമ്പനി അധികൃതരോട് ജന്മ നാട്ടില്‍ മതപഠനത്തിനുള്ള സൗകര്യം ഒരുക്കിത്തരണമെന്നു ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സമസ്തയുടെ മദ്റസ സംവിധാനം പോലെ ജന്മനാട്ടില് തങ്ങളുടെ മക്കള്‍ക്ക് മതം പഠിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന ആവശ്യത്തെ കമ്പനി ഉടമകള്‍ അനുഭാവപൂര്‍വം പരിഗണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസം മുന്‍പ് കമ്പനി ഉടമകളും അതിനു കീഴിലെ കോണ്ട്രാക്ടര്മാരും ബംഗാള്‍ സന്ദര്‍ശിക്കുകയും തൊഴിലാളികള്‍ വിട്ടുനല്‍കിയ പത്തു സെന്റ് ഭൂമിയില്‍ മദ്റസയുടെ കെട്ടിടം പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകള്‍ ജന്മനാട്ടിലും വേണമെന്നതു കേരളത്തിലെത്തിയതു മുതല്‍ ഇവരുടെ സ്വപ്നമായിരുന്നു. മദ്റസകളില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ ബസദഫൂര് ഗ്രാമത്തിലെ ഇരുനൂറിലേറെ വരുന്ന ബംഗാളി കുടുംബങ്ങളും തങ്ങളുടെ മക്കളെ പുതുവര്‍ഷത്തില്‍ മദ്റസയിലേക്കു പറഞ്ഞയക്കാനുള്ള തയാറെടുപ്പിലാണ്. കേരളത്തിലെ മതപഠിതാക്കളുടെയും പണ്ഡിതരുടെയും അറിവും വ്യക്തിത്വവും കണ്ട് ആകൃഷ്ടരായ ഇവര്‍ കമ്പനിയിലെ അവധി ദിവസങ്ങളില്‍ മതം പഠിക്കാനും സമയം കണ്ടെത്തിയിരുന്നു. മതപണ്ഡിതരുടെ ക്ലാസുകളില്‍ നിന്നും നേടിയ പ്രചോദനമാണ് ഈ സ്വപ്ന സാക്ഷാല്കാരത്തിനു പിന്നിലെന്നു തൊഴിലാളികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."