ഗവര്‍ണര്‍ സഞ്ചരിച്ച റോഡില്‍ പൊലിസിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച വാഹനം
മേപ്പാടി: മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനായി കേരള ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി. സദാശിവം സഞ്ചരിക്കേണ്ട റോഡില്‍ വ്യാജ പൊലിസ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനം പൊലിസ് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായി. കണ്ണൂര്‍ ആലക്കാട്ട് കുട്ടാപറമ്പില്‍ മോണിക്കാട്ടില്‍ ബെസ്‌റ്റോ ബെന്നി (26), വയനാട് മുട്ടില്‍ വാര്യാട് മാനിക്കല്‍ മഠത്തില്‍ വീട്ടില്‍ എം.എസ് ഷിജില്‍ (24), കോട്ടയം ഞാലിയാന്‍കുഴി വാകത്താനം ഇലവങ്കോട്ടില്‍ ഷിബു ചെറിയാന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഗവര്‍ണറുടെ പരിപാടി നടക്കേണ്ട സ്ഥലത്തിന് അര കിലോമീറ്റര്‍ മാത്രം അകലെ റോഡരികില്‍ പൊലിസ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച ബൊലേറോ ജീപ്പ് യാദൃശ്ചികമായി മേപ്പാടി എസ്.ഐ വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ബോംബ് സ്‌ക്വാഡ് അടക്കമുള്ളവര്‍ എത്തി വിശദ പരിശോധന നടത്തുകയും ചെയ്തു. വാഹനം പുത്തൂര്‍വയല്‍ എ.ആര്‍ ക്യാംപിലേക്ക് മാറ്റി. ഷൂട്ടിങ് ആവശ്യത്തിനാണ് പൊലിസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് അറസ്റ്റിലായവര്‍ പറഞ്ഞത്. എസ്.ഐ വിനോദ്, എ.എസ്.ഐ അബ്ബാസ് പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."