നഗരസഭ ചെയര്‍മാനെ സി.പി.എം കൈവിട്ടു; ഈരാറ്റുപേട്ടയില്‍ നേതൃമാറ്റത്തിന് സാധ്യത
ഈരാറ്റുപേട്ട: നഗരസഭയില്‍ നേതൃമാറ്റത്തിന് സാധ്യത. നഗരസഭാ ഭരണം തുടങ്ങിയ നാള്‍ മുതല്‍ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എം പ്രാദേശിക ഘടകവും നഗരസഭയും രണ്ടു തട്ടിലായതാണ് കാരണം. ഈരാറ്റുപേട്ട ടൗണില്‍ അശാസ്ത്രീയമായി പാര്‍ട്ടിയോട് ആലോചിക്കാതെ ഡിവൈഡര്‍ സ്ഥാപിച്ചതും, സ്വന്തം തീരുമാനം പ്രകാരം നഗരസഭയുടെ അഹമ്മദ് കുരിക്കള്‍ നഗര്‍ പ്രസംഗ മണ്ഡപം ഇരുട്ടിന്റെ മറവില്‍ പൊളിച്ചുനീക്കിയതും ഏറെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
ഈസാഹചര്യത്തില്‍ നഗരസഭ ഘടകകക്ഷിയായ ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ് എം.എല്‍.എ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടതു നേതൃത്വത്തിന് രണ്ട് മാസം മുന്‍പ് കത്തുനല്‍കിയിരുന്നു. ചെയര്‍മാന്റെ നിലപാടില്‍ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും പി.സി ജോര്‍ജിന്റെ കത്ത് പരിഗണിക്കാന്‍ സി.പി.എം തയ്യാറായില്ല. ജോര്‍ജിന്റെ പാര്‍ട്ടിയിലെ രണ്ട് കൗണ്‍സിലര്‍മാര്‍ നേതൃമാറ്റത്തിനെതിരേ നിലപാട് എടുത്തപ്പോള്‍ ജോര്‍ജ് നേതൃമാറ്റ വിഷയത്തില്‍ നിന്നും പിന്നീട് പിന്നോട്ട് പോയി.
പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായിരുന്നു ഈരാറ്റുപേട്ട നഗരസഭ. ഇതിന് പ്രധാന കാരണം ചെയര്‍മാന്റെ തന്നിഷ്ടത്തോടുള്ള പെരുമാറ്റവും പാര്‍ട്ടി നിയമങ്ങള്‍ക്ക് വിരുദ്ധമായ ചില അവിശുദ്ധ കൂട്ടുകെട്ടുമാണെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയിലെ സംസാരം. പാര്‍ട്ടിയെ മാനിക്കാതെയുള്ള ചെയര്‍മാന്റെ പോക്കിന് കടിഞ്ഞാടിണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരാന്‍ ഇത് ഇടയാക്കി. പാര്‍ട്ടി അണികള്‍ ചിലര്‍ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തു. നാടിന് നാണക്കേടായ ചെയര്‍മാനെയും വഹിച്ചുകൊണ്ടുള്ള നഗരസഭാ ഭരണം അവസാനിപ്പിക്കണമെന്ന്് ഘടക കക്ഷിയായ സി.പി.ഐയും ആവശ്യപ്പെട്ടു.
തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മറ്റിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന നേതൃത്വത്തിലുള്ള രമാ മോഹന്‍, ജില്ലാ കമ്മറ്റി അംഗം ജോയി ജോര്‍ജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് എന്നിവര്‍ നിരീക്ഷകരായി ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗത്തിലാണ് നേതൃമാറ്റം തീരുമാനമായത്. യോഗത്തില്‍ രണ്ടു പേരൊഴിച്ച് ബാക്കിയുള്ളവര്‍ നേതൃമാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു.
ലോക്കല്‍ കമ്മറ്റി തീരുമാനമനുസരിച്ച് ഒരാഴ്ചക്കുള്ളില്‍ നഗരസഭാ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് ഏരിയ കമ്മറ്റി കത്തു നല്‍കും. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ വിദേശയാത്രയിലായതിനാലാണ് തീരുമാനമെടുക്കാന്‍ വൈകുന്നത്. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പുതിയ ചെയര്‍മാനായി വി.കെ.കബീറായിരിക്കും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നതെന്ന് അണികള്‍ക്കിടയില്‍ സംസാരമുണ്ട്.
സി.പി.എം 7, സി.പി.ഐ 2, ജനപക്ഷം 4 എന്നിങ്ങനെയാണ് നഗരസഭയിലെ എല്‍.ഡി.എഫ് നില. 28 അംഗ സഭയില്‍ യു.ഡി.എഫില്‍11 പ്രതിനിധികളാണുള്ളത്. മുസ്‌ലിം ലീഗ് 8 കോണ്‍ഗ്രസ് 3 എന്നതാണ് യു.ഡി.എഫിലെ കക്ഷി നില. 4 അംഗങ്ങളുള്ള എസ്.ഡി.പി.ഐ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നതാണ് എല്‍.ഡി.എഫിന് നഗരസഭാ ഭരണം ലഭിക്കാന്‍ കാരണം. എന്നാല്‍ ചെയര്‍മാനെ മാറ്റി പുതിയ ചെയര്‍മാനെ പാര്‍ട്ടി നിര്‍ദ്ദേശിക്കുമ്പോള്‍ ജനപക്ഷം, എസ്.ഡി.പി.ഐ കക്ഷികള്‍ പഴയ നിലപാട് ആവര്‍ത്തിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ജനപക്ഷ പാര്‍ട്ടിയുടെ പിന്തുണയോടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫിലും ചര്‍ച്ച നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."