ലൈംഗികാതിക്രമം: സ്കൂളുകളില്‍ സമഗ്ര ബോധവല്‍ക്കരണ പരിപാടിക്ക് പദ്ധതി
മലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്കൂളുകളും കേന്ദ്രീകരിച്ച് കുട്ടികള്‍ക്കായി സമഗ്ര ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നത് ഉള്‍പ്പെടെ അവരുടെ വികാസവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ബോധവല്‍ക്കരണ സെമിനാറുകള്‍ക്ക് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകൃത മൊഡ്യൂള്‍ തയാറാക്കും.
വിദ്യാഭ്യാസം, ആരോഗ്യം, പൊലിസ്, എക്സൈസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ പ്രാതിനിധ്യം ബോധവല്‍ക്കരണ പരിപാടികളില്‍ ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി.
കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ സ്കൂള്‍ പി.ടി.എ പ്രസിഡന്റുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ വിളിച്ച് ചേര്‍ക്കും. കുട്ടികളെ സ്കൂളുകളിലെത്തിക്കുന്ന എല്ലാ വാഹനങ്ങളുടെയും വിവര ശേഖരണം നടത്തി ഡാറ്റാ ബാങ്ക് തയാറാക്കും. സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ഒ.ആര്.സി. (അവര്‍ റെസ്പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍) പദ്ധതി ജില്ലയിലെ 16 സ്കൂളുകളില്‍ കൂടി നടപ്പാക്കും. ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ, വി സുധാകരന്, അനിതാ കിഷോര്‍, അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ സുഭാഷ്കുമാര്‍, സമീര്‍ മച്ചിങ്ങല്‍, സി.ഡബ്യു.സി, ചൈല്‍ഡ് ലൈന്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."