'ഇത് കശ്മീരാണ്, ഫലസ്തീനല്ല'; ജമ്മു കശ്മിരിലെ ഹൈവേ യാത്രാ നിരോധനത്തിനെതിരെ പ്രതിപക്ഷം
ജമ്മു: ബാരാമുല്ലക്കും ജമ്മുവിനുമിടയിലൂടെ സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിന് കടന്നുപോകുന്നതിനായി ഉധംപൂരിനും ബനിഹാലിനുമിടയില്‍ 130 കി.മീ ദൈര്‍ഘ്യമുള്ള ഹൈവേയില്‍ ഞായറാഴ്ച പുലര്‍ച്ചെ 4 മുതല്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തി.
ബസുകളും കാറുകളും നാലായിരത്തോളം ട്രക്കുകളും, സി.ആര്‍.പി.എഫും പൊലിസും ചേര്‍ന്ന് തടയുകയായിരുന്നു. അതേസമയം ഹൈവേ യാത്ര നിരോധിച്ചതിനെതിരേ പ്രതിപക്ഷ നേതാക്കളായ ഉമര്‍ അബ്ദുല്ലയും മഹ്ബൂബ മുഫ്തിയും രംഗത്തുവന്നു. യാത്രാനിരോധനമേര്‍പ്പെടുത്തിയത് സാധാരണ ജീവിതത്തെ സാരമായി ബാധിച്ചതായി നേതാക്കള്‍ പറഞ്ഞു. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു കടന്നുപോകുന്നതിനായി ഈയാഴ്ച ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മുതല്‍ വൈകീട്ട് 5വരെ ഗതാഗതം നിരോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ അറിയിപ്പ് നല്‍കിയിരുന്നു.
പുല്‍വാമയില്‍ സൈനിക വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ യാത്രാനിരോധനം കൊണ്ടുവന്നത്.
സര്‍ക്കാര്‍ തീരുമാനം മനസ്സാക്ഷിക്കനിരക്കാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി.
കശ്മീരിനെ തുറന്ന ജയിലാക്കാന്‍ തന്റെ പാര്‍ട്ടി അനുവദിക്കില്ലെന്നായിരുന്നു പി.ഡി.പി അധ്യക്ഷ മഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ഇത് കശ്മീരാണ്, ഫലസ്തീനല്ല. സുരക്ഷാവീഴ്ചയുണ്ടായതിന് ജനങ്ങളെ ശിക്ഷിക്കുകയല്ല വേണ്ടത്- അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."