മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ചില സമയത്ത് ബധിരത: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ചില സമയത്ത് ബധിരത ബാധിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള. ബാബരി മസ്ജിദിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറയാമെങ്കില്‍ ശബരിമലയിലെ അടിച്ചമര്‍ത്തലുകളെക്കുറിച്ച് ബി.ജെ.പിക്കും പറയാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയല്ലാതെ മറ്റ് വിഷയങ്ങളില്ലേയെന്നാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍ ചോദിച്ചത്. ഇത് സി.പി.എമ്മിന്റെ ആരോപണമാണ്. അനാവശ്യമായി ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടിക്കെതിരേ അപ്പീല്‍ പരിശോധിക്കേണ്ട കമ്മീഷന്‍ ആദ്യമേ തെറ്റാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്
ശബരിമല സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് വിശ്വാസികളെ പിന്നില്‍നിന്ന് കുത്തുകയാണ് കോണ്‍ഗ്രസ് ചെയ്തത്. യുവതീപ്രവേശന വിധി നടപ്പാക്കണമെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കേരളത്തില്‍ വന്നപ്പോള്‍ പോലും വിശ്വാസികള്‍ക്കു വേണ്ടി രാഹുല്‍ ഒന്നും പറഞ്ഞില്ല. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും ശബരിമലയെക്കുറിച്ച് മൗനത്തിലാണ്.
ശബരിമലയുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുകയാണ്. നാമനിര്‍ദേശപത്രിക നല്‍കിയതിനു ശേഷം ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, കെ.സുരേന്ദ്രന്‍ എന്നീ മൂന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കെതിരേ നൂറുകണക്കിനു കേസുകളാണ് ചുമത്തിയത്. കോഴിക്കോട് സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിനെതിരേ കേസെടുത്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."