നഷ്ടപരിഹാരം നല്‍കില്ലെന്ന് ഗെയില്‍ കരാറുകാര്‍: ഭൂവുടമകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
പെരിയ: മംഗളൂരുവില്‍ നിന്നു കൊച്ചിയിലേക്ക് പ്രകൃതി വാതകം കടത്തി കൊണ്ടുപോകുന്നതിനു വേണ്ടി സ്ഥാപിക്കുന്ന ഗെയില്‍ പൈപ് ലൈന്‍ കടന്നുപോകുന്ന വഴിയിലെ ഭൂ ഉടമകള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കില്ലെന്ന് കരാറുകാര്‍. ഇതേ തുടര്‍ന്ന് ഒട്ടനവധി ഭൂ ഉടമകളും വീടുകള്‍ക്കും മറ്റും കേടുപാടുകള്‍ സംഭവിച്ചവരും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.
പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഒന്ന്, രണ്ടു വാര്‍ഡുകളില്‍ താമസിക്കുന്ന നിരവധി പേരുടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് കനത്ത നാശം സംഭവിച്ചിട്ടുണ്ട്. പൈപ് ലൈന്‍ കടന്നു പോകുന്ന വഴിയിലുണ്ടായ കൂറ്റന്‍ കരിങ്കല്‍പ്പാളി പൊട്ടിക്കുന്നതിനു വേണ്ടി നിരോധിത സ്‌ഫോടക വസ്തു ഉപയോഗിച്ചതിനെ തുടര്‍ന്ന് അന്‍പതോളം വീടുകള്‍ക്കാണ് പ്രദേശത്ത് വിള്ളലുകള്‍ വീണത്. കോണ്‍ക്രീറ്റ് വീടുകളുടെ മേല്‍ക്കൂരകള്‍ക്കും ചുമരുകള്‍ക്കും തറക്കുമൊക്കെ വിള്ളല്‍ വീണതോടെ പലര്‍ക്കും വീടുകളില്‍ താമസിക്കാന്‍ തന്നെ ഭയമാണ്.
വീടുകള്‍ക്ക് വിള്ളല്‍ വീണതിനെ തുടര്‍ന്ന് ഈഭാഗത്ത് പൈപ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ പാതി വഴിയില്‍ നിര്‍ത്തി വച്ച് കരാറുകാര്‍ മറ്റു പ്രദേശങ്ങളില്‍ പോയി ജോലി എടുത്തു വരുകയാണ്. നാശ നഷ്ടം സംഭവിച്ച മുഴുവന്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കി മാത്രമേ നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കുകയുള്ളുവെന്നു വാക്കു നല്‍കിയ കരാറുകാര്‍ ചില വീട്ടുടമസ്ഥര്‍ക്കും ഭൂ ഉടമകള്‍ക്കും നഷ്ടപരിഹാര തുക ലഭ്യമാക്കി കൊടുത്തെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ തയാറായിട്ടില്ല.നഷ്ടപരിഹാരം സംബന്ധിച്ച് അന്വേഷിക്കുന്ന ആളുകളോട് നഷ്ടപരിഹാരം തരില്ലെന്നും വേണമെങ്കില്‍ നിയമ നടപടികള്‍ സ്വീകരിച്ചോയെന്ന ഭീഷണി സ്വരമാണ് ഇപ്പോള്‍ കരാറുകാര്‍ തങ്ങളോട് ഉയര്‍ത്തുന്നതെന്ന് ഉടമകള്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തി ഏറെ ജനവാസമുള്ള പ്രദേശങ്ങളില്‍ കൂടിയാണ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കൂടി പൈപ് ലൈന്‍ കടന്നു പോകുന്നത്. അതിനിടെ ചില പറമ്പുകളില്‍ ഇറക്കിയ പൈപ്പുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചത് ചൂണ്ടിക്കാട്ടിയും നഷ്ട പരിഹാരം നിഷേധിക്കുന്നതായി ആളുകള്‍ പറഞ്ഞു.
എന്നാല്‍ പൈപ്പുകള്‍ കൊണ്ട് വന്നു ലോറിയില്‍ നിന്നിറക്കുമ്പോള്‍ തന്നെയുണ്ടായിട്ടുള്ള കേടുപാടുകളുടെ പേരില്‍ തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിഷേധിക്കാനുള്ള കരാറുകാരുടെ തന്ത്രം അനുവദിക്കാനാകില്ലെന്ന് ഭൂ ഉടമകള്‍ പറയുന്നു. ജനവാസ കേന്ദ്രങ്ങളല്ലാത്ത ഒട്ടനവധി ഭാഗങ്ങള്‍ ഉണ്ടായിട്ടും ഇത്തരം ഭാഗങ്ങളില്‍ കൂടി പൈപ് ലൈന്‍ കടത്തി കൊണ്ടു പോകുന്നതിനു യാതൊരുവിധ ശ്രമങ്ങളും കരാറുകാര്‍ നടത്തിയിട്ടില്ലെന്നും തങ്ങള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ എത്തിപ്പെടാന്‍ പറ്റുന്ന തരത്തിലാണ് പൈപ് ലൈന്‍ സ്ഥാപിച്ചതെന്നും പ്രദേശത്തുകാര്‍ ആരോപിക്കുന്നു.
കൂറ്റന്‍യന്ത്രങ്ങള്‍ തങ്ങളുടെ പറമ്പും വീടിന്റെ തറക്കരികിലും ഇടിച്ചു നിരത്തുമ്പോഴാണ് ഗെയില്‍ പൈപ് ലൈന്‍ ഇതുവഴി കടന്നു പോകുന്നതായി ഉടമകള്‍ അറിഞ്ഞത്. അധികൃതര്‍ തയാറാക്കിയ സര്‍വേ പോലും പാടെ അവഗണിച്ചാണ് പുല്ലൂര്‍-പെരിയ പഞ്ചായത്ത് പരിധിയില്‍ പൈപ് ലൈന്‍ സ്ഥാപിക്കുന്നതെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."