തീരമേഖലയില്‍ പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: തീരമേഖലയില്‍ സ്ഥിതി ഗുരുതരമാവുകയും രണ്ടിടങ്ങളില്‍ സാമൂഹികവ്യാപനം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍
തീരദേശത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരത്തുനിന്നുള്ളവരെ പുറത്തുപോകാനും പുറത്തുനിന്നും ആരെ തീരത്തേക്ക് പ്രവേശിക്കാനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സമൂഹവ്യാപനം ഉണ്ടായി എന്ന് മുഖ്യമന്ത്രി പറഞ്ഞ പൂന്തുറ, വിഴിഞ്ഞത്തിനടുത്തുള്ള പുല്ലുവിള എന്നിവ മാത്രമല്ല, ജില്ലയിലെ മുഴുവന്‍ തീരമേഖലയും അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതാകുന്ന തീരനിവാസികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടക്കം സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിലാണ് സാമൂഹിക വ്യാപനമുണ്ടായത്. രാജ്യത്തെ ആദ്യ സാമൂഹികവ്യാപന കേന്ദ്രങ്ങളായിരിക്കുകയാണ് ഈ പ്രദേശങ്ങള്‍. ഇവ നേരിടുന്നതിന് എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലിസും ആരോഗ്യവകുപ്പും സര്‍വസന്നാഹങ്ങളുമായി പ്രദേശങ്ങളിലുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതര സാഹചര്യം നേരിടുകയാണ്. തീരമേഖലയില്‍ അതിവേഗ വൈറസ് വ്യാപനമാണുണ്ടായത്. തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് -പെരുമാതുറ ഒരു സോണാകും. പെരുമാതുറ- വിഴിഞ്ഞം രണ്ടാം സോണ്‍, വിഴിഞ്ഞം-ഊരമ്പ് മൂന്നാം സോണ്‍ എന്നിങ്ങനെയാണ് സോണുകള്‍. പൊലിസിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുമതലയുള്ള സ്പെഷല്‍ ഓഫീസര്‍ തിരുവനന്തപുരം കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം ഉണ്ടാകും. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത ആലോചനയും പ്രവര്‍ത്തനവും നടക്കും.
അഞ്ച് തെങ്ങ് മുതല്‍ പെരുമാതുര വരെയുള്ള ചുമതല ട്രാഫിക് സൗത്ത് എസ്.പി ബി കൃഷ്ണകുമാര്‍, പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയുള്ള ചുമതല വിജിലന്‍സ് എസ്പി എ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള ചുമതല പൊലിസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലാകും.
മൂന്ന് മേഖലകളിലേക്കും ഡിവൈ.എസ്പിമാരെയും നിയോഗിക്കും. ജനമൈത്രി പൊലിസും സഹായിക്കും. ഈ രീതി നടപ്പാക്കുക എന്നതാണ് ഉദ്ദേശം. ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐ.എ.എസ് ഓഫീസര്‍മാര്‍ വീതം ഇന്‍സിഡന്‍ന്റ് കമാന്‍ഡര്‍മാരായി നിയോഗിക്കും.
പുല്ലുവിളയില്‍ 51 പേരാണ് ഇന്നലെ പോസിറ്റീവായത്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 ടെസ്റ്റില്‍ 26 പേര്‍ക്കും പുതുക്കുറിശിയില്‍ 75 ല്‍ 20 പേര്‍ക്കും
അഞ്ചുതെങ്ങില്‍ 87 ല്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണമാണിത്. പുതിയ ടെസ്റ്റുകളുടെ ഫലം ഇനിയും വരാനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."