മഴക്ക് നേരിയ ശമനം; ആശങ്കയൊഴിയാതെ ജില്ല
കല്‍പ്പറ്റ: തുടര്‍ച്ചയായി പെയ്ത മഴക്ക് നേരിയ ശമനമുണ്ടെങ്കിലും ആശങ്കയൊഴിയാതെ ജില്ല.
വൈത്തിരി, മാനന്തവാടി താലൂക്കുകളിലാണ് മഴ ശക്തമായി തുടരുന്നത്. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 50.87 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ഇതോടെ ഈ മണ്‍സൂണില്‍ ഇതുവരെ പെയ്തത് 1508.41 മില്ലിമീറ്റര്‍ മഴയായി. കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 330 വീടുകള്‍ ഭാഗികമായും ഒന്‍പത് വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീട് തകര്‍ന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം വിതരണം ചെയ്യാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നുണ്ട്. ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 773.8 ഘനയടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ ജലനിരപ്പ് 761.8 ആയിരുന്നു. കാരാപ്പുഴ അണക്കെട്ടില്‍ ഇന്നത്തെ ജലനിരപ്പ് 758.2 ആണ്. മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം പൂര്‍ണമായും ഇറങ്ങാത്തത് കാരണം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സ്വഭവനങ്ങളിലേക്ക് തിരികെ പോകാനായിട്ടില്ല. 44 ദുരിതാശ്വാസ ക്യാംപുകളില്‍ ഒന്‍പതെണ്ണത്തില്‍ നിന്ന് കുടുംബങ്ങള്‍ തിരികെ വീടുകളിലേക്ക് പോയി. എന്നാല്‍ 35 ക്യാംപുകളിലായി 624 കുടുംബങ്ങളിലെ 2544 പേരിപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. ക്യാംപുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ്, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്, എ.ഡി.എം കെ.എം രാജു, ഡെപ്യൂട്ടി കലക്ടര്‍മാരായ ഇ.പി മേഴ്‌സി, സി.എം വിജയലക്ഷ്മി, ജയപ്രകാശ്, വി.പി കതിര്‍വടിവേലു, ചാമിക്കുട്ടി, മര്‍ക്കോസ് ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ തുടര്‍ച്ചയായി വിലയിരുത്തി വരുന്നുണ്ട്.
മാനന്തവാടി താലൂക്കില്‍ ഇന്നലെയും
നാശനഷ്ടങ്ങള്‍
മാനന്തവാടി: മാനന്തവാടി താലൂക്കില്‍ മഴയെ തുടര്‍ന്ന് ഇന്നലെയും നാശനഷ്ടങ്ങളുണ്ടായി. തിരുനെല്ലിയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും നശിച്ചു.
തൃശ്ശിലേരിയില്‍ നാലും തൊണ്ടര്‍നാട് രണ്ടും വീടുകള്‍ ഭാഗികമായി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ റോഡില്‍ വെള്ളം കയറിയ പലയിടങ്ങളിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ചൂട്ടക്കടവ്, വള്ളിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ റോഡില്‍ നിന്നും വെള്ളം ഇറങ്ങിയതോടെ രണ്ട് ദിവസമായി മുടങ്ങിയ ഗതാഗതം പുനഃസ്ഥാപിച്ചു. പക്രന്തളം ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പേര്യ മുപ്പത്തിയെട്ടില്‍ ഏഴു വയസുകാരനെ തോട്ടില്‍ കാണാതായി. ഈ തവണത്തെ മഴയില്‍ ഉണ്ടായ വെള്ളപൊക്കത്തില്‍ ആദ്യമായാണ് ആളെ കാണാതാവുന്നത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."