പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം
പാലക്കാട്: പാലക്കാട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി സരിന് സി.പി.എം പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പാർലമെന്റ് തെരഞ്ഞെടുപ്പ് പകർന്ന പാഠം. പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് സി.പി.എം നേതൃത്വം ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, പൊന്നാനിയിൽ ഈ പരീക്ഷണം പരാജയപ്പെട്ടതാണ് പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.
പാർട്ടിചിഹ്നം നിലനിർത്തുന്നതിനായാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികൾക്കും പാർട്ടിചിഹ്നം അനുവദിച്ചത്.
മുസ് ലിം ലീഗ് പുറത്താക്കിയ കെ.എസ് ഹംസക്ക് ഇടതുപക്ഷത്തേക്ക് കടന്നുവന്നയുടൻ പാർട്ടിചിഹ്നം അനുവദിച്ചത് തിരിച്ചടിക്ക് കാരണമായെന്ന് നേതൃത്വം പിന്നീട് വിലയിരുത്തിയിരുന്നു. പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി എം.പി അബ്ദുസ്സമദ് സമദാനിയുടെ വിജയം.
2019ൽ രാഹുൽ ഗാന്ധി തരംഗത്തിൽ 1,93,273 വോട്ടുകൾക്ക് ഇ.ടി മുഹമ്മദ് ബഷീർ വിജയിച്ച റെക്കോഡാണ് സമദാനി തിരുത്തിയിരുന്നത്. 2,35,760 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സമദാനിയുടെ വിജയം. യു.ഡി.എഫ് 3.51 ശതമാനവും എൻ.ഡി.എ 1.21 ശതമാനവും വോട്ട് വർധിപ്പിച്ചപ്പോൾ ഇടതുപക്ഷത്തിന് ഗണ്യമായ വോട്ടു ചോർച്ചയുണ്ടായി. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ പൊന്നാനി, തവനൂർ, തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് പോലും വോട്ടുകൾ ചോരാനിടയായി.
പാർട്ടി പ്രവർത്തനപാരമ്പര്യമില്ലാത്ത വ്യക്തിയെ പാർട്ടിചിഹ്നത്തിൽ മത്സരിപ്പിച്ചതിനോടുള്ള പ്രവർത്തകരുടെയും അണികളുടെയും പ്രതിഷേധമാണ് ഇതിന് കാരണമെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളിൽ ഉയർന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടിക്ക് സ്വാധീനമുണ്ടായിരുന്നിട്ടും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ പാർട്ടിചിഹ്നം ഉപേക്ഷിക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
സരിൻ്റെ നിലപാടിൽ വ്യക്തതയില്ലാത്തതിനാൽ പാർട്ടിചിഹ്നം അനുവദിക്കുന്നത് ഭാവിയിൽ വലിയ ബാധ്യതയായി മാറുമെന്ന് വി.എസ് പക്ഷ നേതാക്കളും മുന്നറിയിപ്പ് നൽകിയിരുന്നു. പാർട്ടിചിഹ്നം അനുവദിക്കുന്നതിനെതിരേ എതിർപ്പ് ശക്തമായതും സരിനെ സ്വതന്ത്രനായി രംഗത്തിറക്കാൻ സി.പി.എം നേതൃത്വത്തെ പ്രേരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."