പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടു; മലയാളികള്‍ ഉള്‍പ്പെടെ 52 അംഗ ഉംറ സംഘം മക്കയില്‍ കുടുങ്ങി
ജിദ്ദ: കുവൈത്തില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനെത്തിയ 52 അംഗ ഉംറ സംഘം മക്കയില്‍ കുടുങ്ങിക്കിടക്കുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തിന്റെ പാസ്‌പോര്‍ട്ടുകള്‍ അധികൃതരില്‍ നിന്നും നഷ്ടപ്പെട്ടതോടെയാണ് തിരിച്ച് വരാന്‍ കഴിയാതെ തീര്‍ഥാടകര്‍ കുടുങ്ങിയത്. 21 മലയാളികളടക്കം 33 ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമാണ് സംഘത്തിലുള്ളത്. കുവൈത്തില്‍ നിന്ന് ബസ് മാര്‍ഗം ഈ മാസം നാലിനാണ് സംഘം മക്കയിലെത്തിയത്.
അതിര്‍ത്തി ചെക്ക് പോസ്റ്റിലെ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ കഴിഞ്ഞ് എല്ലാവരുടേയും പാസ്‌പോര്‍ട്ട് ബസ് ഡ്രൈവര്‍ വാങ്ങി സഞ്ചിയിലിട്ട് ബസില്‍ സൂക്ഷിച്ചു. മക്കയിലെത്തി പാസ്‌പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്കാന്‍ അനുമതിയില്ലെന്നും ഹോട്ടലില്‍ ഏല്‍പിക്കേണ്ടതാണെന്നുമാണ് ഡ്രൈവര്‍ പറഞ്ഞു. അദ്യദിവസം ഹോട്ടലില്‍ താമസിക്കുകയും ഹറമില്‍ചെന്ന് ഉംറ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്ത ശേഷം ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍ ചൊവ്വാഴ്ചയാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം തീര്‍ഥാടകരെ അറിയിക്കുന്നത്. മുഴുവന്‍ പേരുടേയും പാസ്‌പോര്‍ട്ട് നഷ്ടമായിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും ബസ് ഡ്രൈവര്‍ പാസ്‌പോര്‍ട്ടടങ്ങിയ സഞ്ചി ഹോട്ടല്‍ അധികൃതരെ ഏല്‍പിക്കുന്നതായി കാണുന്നുണ്ട്. പഴയ സഞ്ചിയിലായിരുന്നു പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. ഡ്രൈവറില്‍ നിന്നും പാസ്‌പോര്‍ട്ട് കൈപറ്റിയ ഹോട്ടല്‍ അധികൃതര്‍ കൃത്യമായി പാസ്‌പോര്‍ട്ട് സൂക്ഷിക്കാത്തത് കാരണം പാഴ് വസ്തുക്കളാണെന്ന് കരുതി ഹോട്ടല്‍ വൃത്തിയാക്കുന്ന തൊഴിലാളികള്‍ ഗാര്‍ബേജിലെവിടെയെങ്കിലും പാസ്പാര്‍ട്ട് കളഞ്ഞതായാണ് നിഗമനം.
അതേ സമയം പ്രശ്‌നം ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തുകയും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷ കാലാവധിയുള്ള താല്‍ക്കാലിക പാസ്‌പോര്‍ട്ട് ഇവര്‍ക്ക് നല്‍്കാനുമാണ് കോണ്‍സുലേറ്റ് തീരുമാനം. എന്നാല്‍ ഇനി പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് അതില്‍ വിസ സ്റ്റാമ്പ് ചെയ്ത് കുവൈത്തിലേക്ക് മടങ്ങുന്നതിനു കാലതാമസം വന്നേക്കാം. വിസിറ്റിങ് വിസയില്‍ കുവൈത്തില്‍ എത്തി അവിടെ നിന്ന് ഉംറ വിസയില്‍ മക്കയിലേക്ക് വന്നവരുമുണ്ട് സംഘത്തില്‍. മദീന സന്ദര്‍ശനത്തിനുപോയി 13ന് കുവൈത്തില്‍ തിരിച്ചെത്തേണ്ടവരാണിവര്‍. വരുന്ന വെള്ളിയാഴ്ച മദീനയില്‍ നിന്നും കുവൈത്തിലേക്ക് തിരികെ യാത്ര തിരിക്കാന്‍ പദ്ധതിയിട്ട സംഘത്തിന്റെ യാത്ര നീളാനാണ് സാധ്യത. കോണ്‍സുലേറ്റ് ഒരുവര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ട് നല്‍കണമെങ്കില്‍ സഊദി പോലീസിന്റെ എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട് ലഭിക്കണം. അതിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."