മാവോവാദി വേട്ടക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു
ന്യൂഡല്‍ഹി: മാവോവാദികളെ നേരിടുന്നതിനായി വീരപ്പന്‍ വേട്ടക്കായി നിയോഗിച്ച ദൗത്യസംഘം തലവന്‍ കെ. വിജയകുമാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ക്കെതിരേ ശക്തമായ തിരിച്ചടി നല്‍കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ദൗത്യ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. സുക്മയില്‍ 26 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തോട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദൗത്യഫലം തെളിയിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീരപ്പന്‍ ദൗത്യസംഘം തലവനായിരുന്ന വിജയകുമാര്‍ ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവാണ്. ഇദ്ദേഹത്തോടൊപ്പം സി.ആര്‍.പി.എഫ് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ സുദീപ് ലക്ടാകിയയെയും മാവോവാദികള്‍ക്കായുള്ള വേട്ടക്കായി നിയോഗിച്ചിട്ടുണ്ട്.
സി.ആര്‍.പി.എഫ് ജവാന്‍മാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്ന പ്രദേശങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും വ്യക്തമാക്കാന്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലുണ്ടാകുന്ന സുരക്ഷാ വീഴ്ചകള്‍ സംബന്ധിച്ച് വ്യക്തമായി വിലയിരുത്തല്‍ നടത്താനും ഇപ്പോള്‍ നിയോഗിക്കപ്പെട്ട വിജയകുമാര്‍, സുദീപ് ലക്ടാകിയ എന്നിവരോട് ഛത്തിസ്ഗഡില്‍ തന്നെ നില്‍ക്കാനും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടായിട്ടുള്ള വീഴ്ചകളിലും ആഭ്യന്തര മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."