മഴക്കെടുതിയില്‍ മുങ്ങി ജില്ല
ആലപ്പുഴ: മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. ഒരാഴ്ചത്തെ ഇടവേളയ്ക്കുശേഷമാണു മഴ വീണ്ടും കനത്തത്. ജലാശയങ്ങള്‍ പൂര്‍ണമായും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഇടവഴികള്‍ പോലും വെള്ളത്തിനടിയിലായി. ആലപ്പുഴയിലെ തീരമേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ഒരു മാസക്കാലമായി കടല്‍ക്ഷോഭത്തെ തുടര്‍ന്നു വറുതിയിലായിരുന്ന തീരം ഇപ്പോള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. പട്ടണത്തിലെ വിവിധ മേഖലകളില്‍ വീശയടിച്ച കാറ്റ് വന്‍നാശമാണു വിതച്ചത്.
ആലിശേരി മേഖലയില്‍ മരം കടപുഴകി വീണ് റാവുത്തര്‍ വീട്ടില്‍ ജലീലിന്റെ വീട് ഭാഗികമായി തകര്‍ന്നു. ആളപായമില്ല. വിവിധ പ്രദേശങ്ങളില്‍ പാതയോരത്തെ മരച്ചില്ലകള്‍ ഒടിഞ്ഞുവീണു വൈദ്യുതി കമ്പികള്‍ പൊട്ടിവീണു വൈദ്യുതിബന്ധം തകര്‍ന്നു. കുട്ടനാട്ടില്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള ജലത്തിന്റെ ഒഴുക്ക് ശക്തമായി. പമ്പയാറ് കരകവിഞ്ഞതിനെ തുടര്‍ന്ന് ജങ്കാര്‍ സര്‍വിസുകള്‍ നിര്‍ത്തിവച്ചു. രണ്ടാംകൃഷി പാതിവഴിയിലായ പല പാടങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
കൈനകരിയിലെ വിവിധ തുരുത്തുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. വരുന്ന 19 വരെ കനത്ത മഴയ്ക്കു സാധ്യതയുള്ളതായാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. മണ്ണഞ്ചേരിയില്‍ അവസാനഘട്ട വിളവെടുപ്പിനായായി ഒരുങ്ങിയ കരകൃഷിയെല്ലാം വെള്ളം കേറി നശിച്ചു. ഇതു കര്‍ഷകര്‍ക്കു വന്‍ തിരിച്ചടിയായി. കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക്, കണിച്ചുകുളങ്ങര, മാരാരിക്കുളം, കഞ്ഞിക്കുഴി, മുഹമ്മ, മണ്ണഞ്ചേരി, വളവനാട് എന്നിവിടങ്ങളിലെ കരപ്പാടകൃഷിയാണു തകര്‍ന്നടിഞ്ഞത്. കരപ്പുറങ്ങളിലെ പച്ചക്കറി കൃഷിയാണു പൂര്‍ണമായും വെള്ളക്കെട്ടില്‍ നശിച്ചത്.
പടവലം, പാവല്‍, പീച്ചിങ്ങ, വഴുതന, ചീര, വിവിധതരം മുളകുകള്‍ എന്നിവയാണു പൂര്‍ണമായും നശിച്ചിട്ടുള്ളത്. വാഴ, ചേമ്പ്, ചേന എന്നിവയും ചീയല്‍ ഭീഷണിയിലാണ്. കപ്പയുടെ വിളവെടുപ്പ് പാകമാകുന്നതിനുമുന്‍പേ നടത്തിയതും കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണു വരുത്തിയത്. ഗ്രാമപ്രദേശത്തുള്ള ചെറുകിട കയര്‍ ഫാക്ടറികള്‍ക്കുള്ളില്‍ വെള്ളം കയറിയതിനാല്‍ ഈ മേഖലയും നിശ്ചലാവസ്ഥയിലാണ്. കയറും ചകിരിയും ഉണക്കുന്നതിനു കഴിയാത്തതും തറികള്‍ക്കടിയില്‍ വെള്ളം കയറിയതുമാണു നിലവിലെ പ്രശ്‌നം.
വലിയ പ്രതിസന്ധി നിഴലിച്ചിരുന്ന കയര്‍മേഖല ഇപ്പോള്‍ പൂര്‍ണമായും നിശ്ചലമായിട്ടുണ്ട്. റോഡുകളില്‍ വെള്ളക്കെട്ട് യാത്രയ്ക്കും ഭീഷണിയായിട്ടുണ്ട്. ചെമ്മണ്‍പാതകളില്‍ യാത്ര പൂര്‍ണമായി ദൂഷ്‌ക്കരമാണ്. തകര്‍ന്ന റോഡുകളിലെ യാത്ര അപകടം വിതയ്ക്കുന്നു. ദേശീയപാതയിലെ അപ്രോച്ച് റോഡുകളില്‍ ഗ്രാവല്‍ നിറയ്ക്കുന്നതിനു പകരം ചെങ്കല്‍പൊടിയാണ് ഇത്തവണ ഉപയോഗിച്ചത്. മഴ കനത്തതോടെ ഇവ പൂര്‍ണമായും ഇളകിക്കഴിഞ്ഞു. ഇതുമൂലം ദേശീയപാതയിലൂടെ കാല്‍നടയാത്രയും ദുരിതപൂര്‍ണമാണ്. അപ്രോച്ച് റോഡില്‍ ഇളകിമാറിയ ചെങ്കല്‍പ്പൊടി വലിയ വാഹനങ്ങള്‍ അരുകിലേക്ക് ഒതുക്കുന്ന സന്ദര്‍ഭത്തില്‍ ചക്രങ്ങളില്‍ പറ്റിയാണു നഷ്ടമാകുന്നത്. ഈ ഭാഗത്ത് വീണ്ടും ഉയരവ്യത്യാസം രൂപപ്പെടുന്നതും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും.
ഇന്നലെയുണ്ടായ ശക്തമായ മഴയില്‍ പലയിടത്തും വന്‍മരങ്ങള്‍ കടപുഴകി. പാതിരപ്പള്ളി, മണ്ണഞ്ചേരി, മാരാരിക്കുളം, ആര്യാട് എന്നിവിടങ്ങളില്‍ കടപുഴകിയ വൃക്ഷങ്ങള്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി. തുമ്പോളി, ഓമനപ്പുഴ, കാട്ടൂര്‍, മാരാരിക്കുളം, ചെത്തി, ചേന്നവേലി എന്നിവിടങ്ങളില്‍ കടല്‍ കലിതുള്ളി തുടങ്ങിയിട്ടുണ്ട്.
കായംകുളം നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ മിക്ക പ്രദേശങ്ങളും കനത്ത മഴയില്‍ വെള്ളത്തിനടിയിലായി. കൊറ്റുകുളങ്ങര, ഒതനാക്കുളം, പുളിമുക്ക്, വേരുവള്ളി, ഐക്യ ജങ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകളും വീടുകളും വെള്ളത്തിലായി.
പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വേണ്ടത്ര നീരൊഴുക്ക് സംവിധാനങ്ങള്‍ ഇല്ലാത്തതും നിലവിലെ ഓടകള്‍ മാലിന്യത്തില്‍ മുങ്ങിയതും ചിലയിടങ്ങളില്‍ ഓട സ്വകാര്യവ്യക്തികള്‍ കൈയേറിയതുമാണു വെള്ളപ്പൊക്കം രൂക്ഷമാക്കാനിടയാക്കിയത്.
വെള്ളപ്പൊക്ക ദുരിതമേഖലയായ ഐക്യ ജങ്ഷനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ്. ഐക്യ ജങ്ഷന്‍ ചേലിക്കുളങ്ങര റോഡിനു സമാന്തരമായുള്ള ഓട സപ്ലൈകോക്കു സമീപം സ്വകാര്യ വ്യക്തി കൈയേറിയിരിക്കുന്നതു കാരണം ഓടയിലൂടെയുള്ള നീരൊഴുക്ക് നിലച്ചു പ്രദേശത്തെ വീടുകളിലേക്ക് വെള്ളം കയറുകയാണ്.
നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ ഐക്യ ജങ്ഷന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി വെള്ളപ്പൊക്കത്താല്‍ ദുരിതമനുഭവിക്കുന്ന മേഖലയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ പ്രദേശം വെള്ളത്തിനടിയിലാകുക പതിവാണ്. ആദ്യകാലങ്ങളില്‍ റോഡുകള്‍ മാത്രമായിരുന്നു ഇവിടെ വെള്ളത്തിനടിയിലായിരുന്നതെങ്കില്‍ ഇന്നു വീടുകളിലേക്കും വെള്ളം ഇരച്ചുകയറുകയാണ്.
വീടുകള്‍ വെള്ളത്തിനടിയിലാകുന്നതോടെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കു പലായനം ചെയ്യേണ്ട അവസ്ഥയാണ്. നാടിനെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി സപ്ലൈക്കോ മാവേലി സ്റ്റോറിനു സമീപം ഓട കൈയേറിയ സ്വകാര്യവ്യക്തിക്കെതിരേ നാട്ടുകാര്‍ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ, നഗരസഭാ സെക്രട്ടറി, ചെയര്‍മാന്‍ എന്നിവര്‍ക്കു പരാതി നല്‍കി ഒരു മാസം പിന്നിട്ടിട്ടും കൈയേറ്റത്തിനെതിരേ നടപടി സ്വീകരിക്കാന്‍ന്‍ അധികൃതര്‍ തയാറാവാത്തത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."