കനത്തമഴയിലും കാഞ്ഞിരംകടവില്‍ കാട്ടാനകളെത്തി
മലമ്പുഴ: കനത്തമഴയിലും കാഞ്ഞിരംകടവില്‍ കാട്ടാനകള്‍ എത്തി വന്‍നാശനഷ്ടമുണ്ടാക്കി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് എത്തിയ രണ്ടു കാട്ടാനകള്‍ ചൊവ്വല്ലൂര്‍ ഷൈജുവിന്റെ വാഴത്തോട്ടം നശിപ്പിച്ചു.
നായ കുരച്ച് ബഹളം വച്ചപ്പോള്‍ പിതാവിന്റെ സഹോദരപുത്രന് വില്‍സണ്‍ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് കാട്ടാനകള്‍ വാഴത്തോട്ടം നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ടോര്‍ച്ച് അടിച്ചും ബഹളം വച്ചുമാണ് ആനയെ തുരത്തിയത്. വിവരമറിഞ്ഞ് വനപാലകര്‍ എത്തിയപ്പോഴേക്കും കാട്ടാനകള്‍ പുഴയിലൂടെ മറുകരയിലേക്കുപോയി.
മഴക്കെടുതിയില്‍ മലമ്പുഴയുടെ പലയിടത്തും വെള്ളംകയറി. ഇതുമൂലം ഗതാഗതതടസവും ജനജീവിതവും ദുരിതത്തിലായി. ആനശല്യം ഒഴിവാക്കാനും വെള്ളം ഒഴുകിപോകാനുമുള്ള സംവിധാനവും എത്രയുംവേഗം ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഴ കനത്തതോടെ ഡാമിലും ജലനിരപ്പ് ഉയര്‍ന്നു ഏതുനിമിഷവും തുറന്നുവിടാവുന്ന സ്ഥിതിയാണ്. കടുക്കാംകുന്നം- നിലമ്പതിപാലം റോഡിലും വെള്ളം നിറഞ്ഞൊഴുകിയതോടെ മലമ്പുഴ പൊലിസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വിനോദസഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം പുഴയിലൂടെ ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്കും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."