'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം
ജറുസലേം: ഫലസ്തീനില്‍ ബന്ദികളാക്കപ്പെട്ട ഇസ്‌റാഈല്യരുടെ മോചനത്തില്‍ നെതന്യാഹുവിനെതിരായ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ ദിവസവും ഇസ്‌റാഈലില്‍ പൗരന്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തി.
പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തിയായിരുന്നു പ്രതിഷേധം. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ വാര്‍ഷിക അനുസ്മരണ ചടങ്ങിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധത്തെ തുടര്‍ന്ന് നെതന്യാഹുവിന്റെ പ്രസംഗം ഒരു മിനിറ്റിലേറെ തടസപ്പെട്ടു. പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുകയാണ്.
'എന്റെ പിതാവ് കൊല്ലപ്പെട്ടു, നിങ്ങളോട് ലജ്ജ തോന്നുന്നു' എന്ന് നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ യുവാവ് ആവര്‍ത്തിച്ച് വിളിച്ചു പറഞ്ഞു. ചടങ്ങില്‍ സംസാരിക്കാന്‍ എഴുന്നേറ്റതോടെയാണ് 'ഷെയിം ഓണ്‍ യു' മുദ്രാവാക്യം വിളിയുമായി പ്രതിഷേധക്കാര്‍ ബഹളം വെച്ചത്. തത്സമയ സംപ്രേഷണമുള്ളതിനാല്‍ പ്രസംഗം അതിവേഗം നിര്‍ത്തേണ്ടി വന്നു നെതന്യാഹുവിന്.
സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ച നെതന്യാഹു കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിഷേധക്കാര്‍ ഹമാസ് ബന്ദിക്കളാക്കിയവരെ ഇതുവരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും എടുത്തു പറഞ്ഞു. ഒക്ടാബര്‍ ഏഴിന് ഹമാസ് ആക്രമണം തടയുന്നതില്‍ പരാജയപ്പെട്ട നെതന്യാഹു ഒരു വര്‍ഷം കഴിഞ്ഞ് ബന്ദികളെ തിരിച്ചെത്തിക്കുന്നതിലും വന്‍ പരാജയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതാണ് ഇസ്‌റാഈല്‍ ഭൂരിഭാഗവും വിശ്വസിക്കുന്നതെന്നും പ്രതിഷേധക്കാര്‍ തുറന്നടിച്ചു.
അതേസമയം, ഗസ്സയിലെ സാധാരണക്കാരെയും അഭയാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള കൂട്ടക്കുരിതി ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. ഒക്ടോബര്‍ ആറിനു ശേഷം വടക്കന്‍ ഗസ്സയില്‍ വ്യോമ, കരയാക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതുവരെ ഇസ്‌റാഈല്‍ നരനായാട്ടില്‍ 42,847 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടു. 1,00,544 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."