ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്, ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍
ദോഹ: ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന കടന്നാക്രമണം ലബനാനിലേക്കും ഇറാനിലേക്കും വ്യാപിപ്പിക്കുകയും പശ്ചിമേഷ്യയിലാകെ യുദ്ധഭീതി ഉടലെടുക്കുകയും ചെയ്തിരിക്കെ, ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും സജീവം. ചര്‍ച്ചകള്‍ക്കായി യു.എസ് ചാരസംഘടനയായ സി.ഐ.എയുടെയും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും തലവന്മാര്‍ ദോഹയിലെത്തി. ഇരുവരും ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഖത്തര്‍ അധികൃതരുമായി ഇന്നലെ രാത്രിയോടെ ഇരുവരും പ്രാഥമിക ചര്‍ച്ചനടത്തി. ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും പകരമായി വെടിനിര്‍ത്തലും നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയ ഫലസ്തീനികളുടെ മോചനവും എന്ന വ്യവസ്ഥ ഇരുവിഭാഗത്തെയും കൊണ്ട് അംഗീകരിപ്പിക്കലാണ് ചര്‍ച്ചയുടെ ലക്ഷ്യം.
ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നതിനൊപ്പം വെസ്റ്റ് ബാങ്കില്‍ നിന്നുള്‍പ്പെടെ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ അറസ്റ്റ്‌ചെയ്ത് കൊണ്ടുപോകുന്നുണ്ട്. ഇവരുടെ മോചനവും ഹമാസിന്റെ ആവശ്യമാണ്.
അതിനിടെ ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി രംഗത്തെത്തി. ഇതിലൂടെ ഒരു സമ്പൂര്‍ണ വെടിനിര്‍ത്തലാണ് ഈജിപ്ത് ലക്ഷ്യമിടുന്നത്. ഇസ്‌റാഈല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാര്‍ക്ക് പകരം ഗസ്സയില്‍ തടവിലാക്കപ്പെട്ട നാല് ഇസ്‌റാഈല്‍ ബന്ദികളെ കൈമാറാനും ഈജിപ്ത് നിര്‍ദേശിച്ചു. അതിന് ശേഷം 10 ദിവസത്തിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശമാണു മുന്നോട്ട് വച്ചിരിക്കുന്നത്. ഹമാസിന്റെ പക്കലുള്ള നാല് ഇസ്‌റാഈലി ബന്ദികളെ ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി കൈമാറും. തുടര്‍ന്ന്, പൂര്‍ണ്ണ വെടിനിര്‍ത്തലും ഗസ്സയിലേക്ക് സഹായവും ലക്ഷ്യമിട്ട് പത്ത് ദിവസത്തിനുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും'. കെയ്‌റോയില്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദെല്‍മദ്ജിദ് ടെബൗണിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അല്‍സീസി പറഞ്ഞു. ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തങ്ങളുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഖത്തറാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. ചര്‍ച്ചകളുടെ ഫലമായി കഴിഞ്ഞവര്‍ഷം അവസാനങ്ങളില്‍ ആക്രമണങ്ങള്‍ക്ക് ഇടവേള വരുത്തിയിരുന്നു. ബന്ദിമോചനത്തിന് പകരമായി മാനുഷികസഹായങ്ങള്‍ എത്തിക്കാന്‍ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അതിനുശേഷവും തുടര്‍ന്ന ആക്രമണങ്ങള്‍ ശാശ്വതമായി അവസാനിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു ഖത്തര്‍. ഈജിപ്തിന്റെ കൂടി പങ്കാളിത്തത്തോടെയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചകളില്‍ ഹമാസിനെ പ്രതിനിധീകരിച്ചിരുന്ന മുതിര്‍ന്ന നേതാവും ഗസ്സ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയെ ജൂലൈയില്‍ ഇറാനില്‍വച്ച് ഇസ്‌റാഈല്‍ കൊലപ്പെടുത്തിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു. ഇതിനുശേഷമാണ് ശാശ്വത വെടിനിര്‍ത്തല്‍ എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകള്‍ പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."