സമസ്ത പൊതുപരീക്ഷ ഇന്ന് പൂര്‍ത്തിയാകും
മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ മദ്‌റസകളിലെ പൊതുപരീക്ഷ ഇന്നു പൂര്‍ത്തിയാകും. ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിലെ 2,41,806 വിദ്യാര്‍ഥികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരീക്ഷയെഴുതുന്നത്. ഇത്തവണ 6,994 സെന്ററുകളിലാണു പരീക്ഷ നടക്കുന്നത്. കഴിഞ്ഞമാസം നടന്ന സ്‌കൂള്‍വര്‍ഷ വിഭാഗം മദ്‌റസാ പൊതുപരീക്ഷയില്‍ 13,118 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.
ജനറല്‍ വിഭാഗത്തില്‍ അഞ്ചാം തരത്തില്‍ 1,17,094, ഏഴില്‍ 83,517, പത്തില്‍ 35, 961, പ്ലസ് ടുവില്‍ 5234 വിദ്യാര്‍ഥികളുമാണു പരീക്ഷയെഴുതുന്നത്. 49,971 പേര്‍ പരീക്ഷയെഴുതുന്ന മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നാണ് കൂടുതല്‍ പരീക്ഷാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷക്കിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലാണ്. 285 വിദ്യാര്‍ഥികള്‍. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നിവിടങ്ങളിലും സഊദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, മലേഷ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമാണ് പൊതുപരീക്ഷ നടക്കുന്നത്. വിദേശത്ത് കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പരീക്ഷ. രാജ്യത്തെ സെന്ററുകളില്‍ ഇന്ന് ഉച്ചയ്ക്ക് പരീക്ഷ പൂര്‍ത്തിയാകും. തുടര്‍ന്നു ഡിവിഷന്‍ കേന്ദ്രങ്ങളില്‍ സൂപ്രണ്ടുമാര്‍ ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങും. വിദേശരാഷ്ട്രങ്ങളില്‍ നിന്നുള്ളവ വിമാന മാര്‍ഗം ചേളാരി സമസ്താലയത്തിലെത്തിക്കും.
130 സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ 9,702 സൂപ്പര്‍വൈസര്‍മാരെയാണു പരീക്ഷാ നടപടികള്‍ക്കു നിയോഗിച്ചത്. അടുത്ത 25ന് മൂല്യനിര്‍ണയ ക്യാംപുകള്‍ തുടങ്ങും. സമസ്താലയം ചേളാരി, ജാമിഅ നൂരിയ്യ പട്ടിക്കാട്, ജാമിഅ ദാറുസ്സലാം നന്തി, ദാറുന്നജാത്ത് മണ്ണാര്‍ക്കാട്, ദാറുന്നജാത്ത് കരുവാരകുണ്ട്, അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, സി.എം മഖാം ഓര്‍ഫനേജ് മടവൂര്‍, യമാനിയ്യ കുറ്റിക്കാട്ടൂര്‍, മര്‍ക്കസ് കുണ്ടൂര്‍ എന്നിവിടങ്ങളിലാണു കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍. സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷാ മൂല്യനിര്‍ണയം ചേളാരിയില്‍ പൂര്‍ത്തിയാക്കി ടാബുലേഷന്‍ നടപടികള്‍ നടന്നുവരുന്നു. ചേളാരിയില്‍ 250 ഉം മറ്റു കേന്ദ്രങ്ങളില്‍ 160 ഉം വീതം സൂപ്പര്‍വൈസര്‍മാരെ മൂല്യനിര്‍ണയത്തിനു നിയമിച്ചിട്ടുണ്ട്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."