സെപ്റ്റംബറോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്, ദിനംപ്രതി 8000 കേസുകള്‍വരെ ആകാം
സ്വന്തം ലേഖിക
കൊച്ചി: സെപ്റ്റംബറോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. ദിനംപ്രതി 5000-8000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ) തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു സംബന്ധിച്ച വിവരങ്ങള്‍ കെ.എസ്.ഡി.എം.എ സംസ്ഥാന സര്‍ക്കാരിന് കൈമാറി. സെപ്റ്റംബറില്‍ രോഗബാധിതരുടെ എണ്ണം പ്രതിദിനം അയ്യായിരം കടന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം അര ലക്ഷം കവിയുമെന്നും ഇത് 70,000 വരെ എത്തിയേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്നലെ വരെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13,941 ആണെന്നിരിക്കെയാണ് ഒരു മാസത്തിനുശേഷം കേസുകളുടെ എണ്ണം അഞ്ചിരട്ടിയിലധികമാകുമെന്ന് സൂചന നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് 36 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുമ്പോഴാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇപ്പോള്‍ കൊവിഡ് ബാധിതരില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നവരുടെ എണ്ണവും കുറവാണ്. എന്നാല്‍ സെപ്റ്റംബര്‍ പകുതിയോടെ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ മൂന്ന് ശതമാനം പേരെയെങ്കിലും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ദിനംപ്രതി ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതും ആശങ്കയ്ക്ക് ഇടനല്‍കുന്നുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതോടെ ചികിത്സയ്ക്കായി ഇപ്പോള്‍ തയാറാക്കിയിരിക്കുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അപര്യാപ്തമാകുമെന്നും വിലയിരുത്തലുണ്ട്.
സംസ്ഥാനത്ത് 13 ശതമാനം പേരും വയോധികരും പ്രതിരോധശേഷി കുറഞ്ഞവരുമായതിനാല്‍ ആശുപത്രികളിലെ തീവ്രപരിചരണ യൂനിറ്റുകള്‍ നിറഞ്ഞുകവിയുമെന്നും ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടയുള്ള സജ്ജീകരണങ്ങള്‍ തികയാതെവരുമെന്നും ആശങ്കയുണ്ട്. നിലവില്‍ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത 20,000 പേരെങ്കിലും നിശബ്ദമായി രോഗം പരത്തുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."