നാടിനെ ദുഃഖത്തിലാഴ്ത്തി അദ്‌നാന്റെ മുങ്ങി മരണം
ചങ്ങരംകുളം: ഇന്നലെ രാവിലെയോടെയാണ് പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ മൂലം അവധി പ്രഖ്യാപിച്ചത് . സാധാരണ അവധിയുണ്ടെങ്കില്‍ തലേദിവസം അവധി പ്രഖ്യാപിക്കാറുണ്ട്.
ഞായറാഴ്ച്ച കഴിഞ്ഞ് വീണ്ടും ഒരു സ്‌കൂള്‍ അവധി കിട്ടിയതില്‍ എല്ലാ കുട്ടികളെപ്പോലെ അദിനാനും സന്തോഷിച്ചു. അവധി ആയതിനാലും കുളങ്ങളും തോടുകളും സജീവമായതോടെ ഏതെങ്കിലും കുളത്തില്‍ പോയി കുളിക്കാമെന്ന് കരുതി വീട്ടുകാര്‍ക്കൊപ്പം പുറപ്പെട്ടതായിരുന്നു അദിനാന്‍.അങ്ങിനെ കിലോമീറ്ററുകള്‍ക്കപ്പുറം ചങ്ങരംകുളത്തിനടുത്ത് വളയംകുളം - പള്ളിക്കുന്ന് റോഡില്‍ പുതുതായി നവീകരിച്ച പഞ്ചായത്ത് നീന്തല്‍കുളത്തില്‍ (പുത്തന്‍ കുളം ) സഹോദരനൊപ്പം കുളിക്കാനെത്തി. സഹോദരനും മറ്റുള്ളവരും കുളത്തില്‍ ഇറങ്ങിയതിനോടൊപ്പം അദിനാനും കുളത്തിലിറങ്ങി. എന്നാല്‍ നീന്തുന്നതിനിടയില്‍ അദിനാന്‍ കുളത്തില്‍ മുങ്ങിയത് ആരും അറിഞ്ഞില്ല. ജേഷ്ഠനും മറ്റുള്ളവരും തൊട്ടടുത്ത് നീന്തിക്കൊണ്ടിരിക്കുന്നതിടയില്‍ അദിനാന്‍ മരണത്തിലേക്ക് പോയിക്കൊണ്ടിരുന്നു. മിനുട്ടുകളോളം കഴിഞ്ഞ് അദിനാനെ അന്വേഷിച്ചപ്പോള്‍ കുളത്തിന്റെ പരിസരത്തതൊന്നും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുളം സംരക്ഷണ സമിതി പ്രവര്‍ത്തകരും, നാട്ടുകാരും, പൊലിസും ചേര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കുളത്തിനടിയില്‍ നിന്നും കിട്ടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവമറിഞ്ഞ് നൂറുകണക്കിനു പേരാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."