ആരോടും പരിഭവമില്ലാതെ നായകന്‍ മറഞ്ഞു...
തിരുവനന്തപുരം: ആരോടും പരിഭവമില്ലാതെ ക്യാപ്റ്റന്‍ മണി വിടവാങ്ങി. സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ വരുമ്പോള്‍ കാല്‍പന്തുകളി പ്രേമികളും കളി എഴുത്തുകാരും മാത്രമായിരുന്നു മണിയെ തേടി എത്തിയിരുന്നത്. ആരോടും പരിഭവവും പരാതിയും മണി പ്രകടിപ്പിച്ചില്ല. സന്തോഷ് ട്രോഫിയുടെ സന്തോഷം ആദ്യമായി കേരളത്തിന് സമ്മാനിച്ച ക്യാപ്റ്റന്‍. കാല്‍പന്തുകളിയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ വീരചരിതമെഴുതിയ ആദ്യ നായകന്‍. ഇവയൊക്കെയായിരുന്നു മണിയുടെ വിശേഷണങ്ങള്‍.
കാല്‍പന്തുകളിയില്‍ വംഗദേശവും മൈസൂരും റെയില്‍വേസും ഹൈദരാബാദുമെല്ലാം ശക്തരായി പന്തുതട്ടിയ കാലഘട്ടത്തിലായിരുന്നു മണിയുടെ വരവ്. 1973 ഡിസംബര്‍ 27. ആ ദിനം കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്തവര്‍ക്ക് മാത്രമല്ല കേരളത്തിനും മറക്കാനാവാത്ത ദിനം.
ഫുട്‌ബോളിലെ വമ്പന്‍മാരായിരുന്ന റെയില്‍വേസിനെ തകര്‍ത്ത് ക്യാപ്റ്റന്‍ മണിയും കൂട്ടരും കേരളത്തിന് ചരിത്രത്തില്‍ ആദ്യത്തെ സന്തോഷ് ട്രോഫി സമ്മാനിച്ചു. 3-2 ന് റെയില്‍വേസ് കേരളത്തിന് മുന്നില്‍ അടിതെറ്റി വീഴുമ്പോള്‍ മൂന്ന് ഗോളും മണിയുടെ സംഭാവനയായിരുന്നു.
ആ സന്തോഷ് ട്രോഫിയില്‍ മണി ഏഴ് ഗോളുകള്‍ അടിച്ചു കൂട്ടി ടോപ് സ്‌കോററുമായി. ടി.കെ.എസ് മണി അങ്ങനെ കേരളത്തിന്റെ ക്യാപ്റ്റന്‍ മണിയായി മാറി. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനായിരുന്നു 'ക്യാപ്റ്റന്‍' പട്ടം ചാര്‍ത്തിയത്.
സന്തോഷ് ട്രോഫി കേരളത്തിന് സമ്മാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെയും മണി നയിച്ചു. ജര്‍മനിയെ സ്വന്തം മണ്ണില്‍ നേരിട്ടത് മണിയുടെ കീഴിലായിരുന്നു. അധികം കാലം മണി കളിക്കളത്തില്‍ പന്തുതട്ടാന്‍ കാത്തുനിന്നില്ല. സ്വരം നന്നായ സമയത്ത് തന്നെ ബൂട്ടഴിച്ചു ക്യാപ്റ്റന്‍ കളം വിട്ടു. കളി മികവിന്റെ മൂര്‍ധന്യത്തില്‍ നില്‍ക്കവേയായിരുന്നു അത്. തൊട്ടു പിന്നാലെ പരിശീലകന്റെ റോളിലേക്ക്. പരിശീലകനായി സ്വന്തം ടീമായ ഫാക്ടില്‍ കളത്തിന് പുറത്തിരുന്നു കളിച്ചു. കണ്ണൂര്‍ താളികാവിലെ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകന് നാമങ്ങള്‍ നിരവധിയായിരുന്നു. ഔദ്യോഗിക നാമം ടി.കെ സുബ്രഹ്മണ്യന്‍. ലക്കിസ്റ്റാര്‍ മണി, ജിംഗാന മണി, ഫാക്ട് മണി... ഓമന പേരുകള്‍ നിരവധി. ഫാക്ടില്‍ സ്‌പോര്‍ട്‌സ് അസി. ആയിട്ടായിരുന്നു നിയമനം. മണിയുടെ വരവോടെ ഫാക്ട് ടീം കിരീടങ്ങള്‍ വെട്ടിപിടിച്ചത്.
ഓരോ സന്തോഷ് ട്രോഫി കടന്നു വരുമ്പോഴും കേരളം അഭിമാനത്തോടെ ക്യാപ്റ്റനെ ഓര്‍ത്തു. എന്നാല്‍ സര്‍ക്കാരോ ഫുട്‌ബോള്‍ അസോസിയേഷനോ ക്യാപ്റ്റനെ പരിഗണിച്ചില്ല. ഒരു പരിഭവവും പറയാതെ, സഹായം തേടി ആരുടെയും പിന്നാലെ നടക്കാതെ അദ്ദേഹം നിശബ്ദനായി മറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."