നിരൂപണ പ്രതിഭ
മേനാചേരി പുത്തന്‍പള്ളിയില്‍ പോള്‍ എം.പി പോള്‍ എന്നപേരില്‍ മലയാള സാഹിത്യരംഗത്ത് നിറഞ്ഞു നിന്നിരുന്ന പ്രതിഭയായിരുന്നു. മലയാള ഗദ്യകാരന്‍, വിമര്‍ശകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശോഭിച്ച അദ്ദേഹം മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍ കൂടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ എം.പി പോളിനെക്കുറിച്ച് 'എം.പി പോള്‍' എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്.
ഗദ്യശൈലിയിലെ സവിശേഷത
പ്രൗഢവും പ്രസന്നവുമായ മലയാള ഗദ്യശൈലി കൈരളിക്കു സമ്മാനിച്ച ഇദ്ദേഹം, നിരൂപണ സാഹിത്യത്തില്‍ ആധുനിക മാനദണ്ഡങ്ങളും വീക്ഷണങ്ങളും പ്രയോഗിച്ചുള്ള ഒരു വിമര്‍ശന സരണിയാണ് സ്വീകരിച്ചത്.
മലയാള സാഹിത്യ വിമര്‍ശനത്തിന് ആധുനിക പരിപ്രേക്ഷ്യം നല്‍കിയ അദ്ദേഹത്തിന് വിശ്വസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്നു. പാശ്ചാത്യ സാഹിത്യ വിമര്‍ശന ശൈലികള്‍ മലയാളത്തിലേക്കു പറിച്ചുനട്ടു. പ്രൗഢവും സരസവുമായ ഗദ്യശൈലിക്കുടമയായിരുന്നു പോള്‍. ഇംഗ്ലിഷ് അധ്യാപകനായിരുന്ന അദ്ദേഹം ഒരു ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു രൂപം നല്‍കാന്‍ ശ്രമിച്ചിരുന്നു.
പാശ്ചാത്യ സാഹിത്യകൃതികളുടെ പാശ്ചാത്തലത്തില്‍ പോള്‍ രചിച്ച ഗ്രന്ഥങ്ങളാണ് നോവല്‍ സാഹിത്യവും ചെറുകഥാ പ്രസ്ഥാനവും. ഗദ്യസാഹിത്യത്തിലെ നൂതന പ്രസ്ഥാനങ്ങളായ നോവലിനെയും ചെറുകഥയെയും പറ്റി ആദ്യമായുണ്ടായ ലക്ഷണമൊത്ത ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതാണ്. ഗദ്യഗതി, സാഹിത്യ വിചാരം, സൗന്ദര്യനിരീക്ഷണം, കാവ്യദര്‍ശനം തുടങ്ങിയ കൃതികളും പോളിന്റെതായി ഇറങ്ങിയിട്ടുണ്ട്. പോള്‍ ഈ രണ്ടു ഗ്രന്ഥങ്ങളും രചിക്കുന്ന വേളയില്‍ ചെറുകഥയും നോവലും കൗമാരത്തിലെത്തിയിട്ടേയുണ്ടായിരുന്നുള്ളു.
ആദ്യകാലജീവിതം
മലയാളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.പി. പോള്‍, 1904 മെയ് ഒന്നിന് എറണാകുളം ജില്ലയിലെ പുത്തന്‍ പള്ളിയിലാണ് ജനിച്ചത്. പ്രാഥമിക പഠനത്തിനു ശേഷം തൃശ്ശിനാപള്ളി സെന്റ് ജോസഫ്‌സ് കോളേജില്‍ ചരിത്രത്തില്‍ ബിരുദം നേടി. 1926 മുതല്‍ രണ്ടു വര്‍ഷം ഇതേ കോളേജില്‍ അധ്യാപകനായി.
1929 ല്‍ ഇംഗ്ലിഷില്‍ എം.എ ബിരുദമെടുത്തു.1934ല്‍ ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക് മാന്‍സ് കോളേജില്‍ ചേര്‍ന്നെങ്കിലും അഭിപ്രായഭിന്നത കാരണം പിരിഞ്ഞു പോന്നു. അവിടെ ഒരു ട്യൂട്ടോറിയല്‍ കോളേജ് സ്ഥാപിച്ചു.'എം.പി. പോള്‍സ് ട്യൂട്ടോറിയല്‍ കോളജ് ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു. 1947 വരെ ട്യൂട്ടോറിയല്‍ കോളേജുമായി കഴിഞ്ഞ പോള്‍ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസില്‍ പ്രൊഫസറായി നിയമിക്കപ്പെട്ടു.
സമാന്തര വിദ്യാഭ്യാസ സംരംഭം
അര്‍ഹമായ പ്രതിഫലം ലഭിക്കാതിരുന്ന കാലത്ത് സാഹിത്യകാരന്മാര്‍ക്കായി സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രൂപീകരിക്കുന്നതിനു മുന്‍കൈയെടുത്തു. സംഘത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയില്‍ ഒന്‍പതാമത്തെ റാങ്ക് ലഭിച്ചിരുന്നു, ആദ്യത്തെ ആറു പേര്‍ക്കു മാത്രമേ ജോലി ലഭിച്ചുള്ളു. അദ്ദേഹം തൃശൂരിലെത്തി സെന്റ് തോമസ് കോളജ്, തൃശൂര്‍, എസ്.ബി. കോളജ്, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇംഗ്ലീഷ് ഭാഷാധ്യാപകനായും സേവനമനുഷ്ഠിച്ചു. കേരള സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സ്ഥാപകാധ്യാപകനായി.
അന്ത്യവിശ്രമം തെമ്മാടിക്കുഴിയില്‍
പള്ളിയേയും പട്ടക്കാരേയും വിമര്‍ശിച്ചുവെന്ന പേരില്‍ പോള്‍ കോളേജില്‍ നോട്ടപ്പുള്ളിയായി. അദ്ദേഹത്തെ കോളേജില്‍ നിന്ന് പുറത്താക്കി. കള്ളപ്രചാരണങ്ങള്‍ അഴിച്ചു വിട്ട് സാമുദായിക ഭ്രഷ്ട് വരെ ആവശ്യപ്പെട്ടു. ഈ വിരോധം മരണശേഷവും തുടര്‍ന്നു. ജീവിതകാലം മുഴുവന്‍ സഭയുടെ എതിര്‍പ്പു നേരിടേണ്ടിവന്നു. 1952 ജൂലൈ 12 ന് തിരുവനന്തപുരത്ത് അന്തരിച്ച ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ ക്രിസ്തീയ വൈദികര്‍ ആരും പങ്കെടുത്തില്ല. സഭാ വിരോധികള്‍ക്കു നീക്കിവച്ച തെമ്മാടിക്കുഴിയില്‍ പോളിനെ സംസ്‌കരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."