ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോഴും; വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ചത് 105 സ്ഥലങ്ങളില്‍ മാത്രം
കോട്ടയം: കുടിവെള്ള ക്ഷാമം പതിവില്‍ നിന്നും രൂക്ഷമാകുമ്പോഴും ജില്ലയില്‍ പ്രഖ്യാപിച്ച വാട്ടര്‍ കിയോസ്‌കുകളുടെ പകുതി പോലും എത്തിയിട്ടില്ല. ജനുവരി 20 ന് മന്ത്രി എ. രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 443 പോയിന്റുകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ രണ്ടരമാസം പിന്നിട്ടിട്ടും ഇതിന്റെ പകുതിപോലും ജില്ലയില്‍ സ്ഥാപിച്ചിട്ടില്ല. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴാണ് ഭരണകൂടത്തിന്റെ ഈ അനാസ്ഥ. വാട്ടര്‍ അഥോറിറ്റിയുടെ വെള്ളവിതരണം ഇല്ലാത്ത സ്ഥലങ്ങളിലാണ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്.
നിലവില്‍ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് വെറും 240 ടാങ്കുകള്‍ക്കാണ്. പതിനായിരം ലിറ്ററിന്റെ ടാങ്ക് സ്ഥാപിക്കുമെന്നാണ് നേരത്തെ പറഞ്ഞതെങ്കില്‍ ഓര്‍ഡര്‍ നല്‍കിയത് അയ്യായിരം ലിറ്ററിന്റെ ടാങ്കുകള്‍ക്കായിരുന്നു. ഇതില്‍ 179 ടാങ്കുകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറിയതായി ജില്ലാ കലക്ടര്‍ സി.എ ലത അറിയിച്ചു. ഇത്തരത്തില്‍ വാട്ടര്‍ കിയോസ്‌കുകളില്‍ നിന്നും105 സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്ത് തുടങ്ങി.
ലഭിച്ചതില്‍ 74 ടാങ്കുകളില്‍ നിന്നും ഇനിയും വെള്ളം വിതരണം ആരംഭിച്ചിട്ടില്ല. ടാങ്കും വാട്ടര്‍ അഥോറിറ്റി നല്‍കുന്ന വെള്ളവും മാത്രമാണ് സര്‍ക്കാര്‍ നല്‍കുക. ഇതിനുള്ള സ്റ്റാന്‍ഡ് നിര്‍മിക്കേണ്ടതും മറ്റും പഞ്ചായത്തുകളുടെ ചുമതലയാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനാലാണ് 74 സ്ഥലങ്ങളില്‍ വെള്ള വിതരണം പ്രാബല്യത്തിലാകാന്‍ വൈകുന്നതെന്ന് വ്യക്തം. വരള്‍ച്ചാ അവലോകനയോഗത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ ചങ്ങനാശേരിയിലെ കുറിച്ചി പഞ്ചായത്തും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പഞ്ചായത്തില്‍ ഇതുവരെ ഒരു ടാങ്കും എത്തിച്ചിട്ടില്ല.
വരള്‍ച്ചാ അവലോകനയോഗത്തില്‍ കുറിച്ചിയില്‍ വളരെ പെട്ടെന്ന് ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയിട്ടും പഞ്ചായത്തിനോട് അവഗണന കാട്ടിയെന്ന ആരോപണവും ശക്തമാണ്. കുറിച്ചിക്ക് സമീപമുള്ള പായിപ്പാട്ടും തൃക്കൊടിത്താനത്തും കിയോസ്‌കുകള്‍ ലഭിച്ചിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായ കുറിച്ചിയെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നു.
നിലവില്‍ കൂട്ടിക്കല്‍, കോരുത്തോട്,ഒഴുവനാല്‍,കിടങ്ങൂര്‍,കാഞ്ഞിരപ്പള്ളി, എലിക്കുളം, മണിമല, മീനച്ചില്‍,മോലുകാവ്, മൂന്നിലവ്, മുണ്ടക്കയം, പൂഞ്ഞാര്‍, പാറത്തോട്, വളിയന്നൂര്‍,അയ്മനം, ഉഴവൂര്‍, ആര്‍പ്പൂക്കര, അയര്‍ക്കുന്നം, നീണ്ടൂര്‍, കല്ലറ, വെള്ളൂര്‍, മുളങ്കുളം, തലയാഴം,കടുത്തുരുത്തി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങിയ പഞ്ചായത്തുകളിലായിട്ടാണ് കിയോസ്‌കുകള്‍ സ്ഥാപിച്ച് പൂര്‍ണമായും കുടിവെള്ളവിതരണം ആരംഭിച്ചിരിക്കുന്നത്.
മെയ്മാസത്തില്‍ വേനല്‍മഴ പ്രതീക്ഷിച്ചപോലെ ലഭിച്ചില്ലെങ്കില്‍ ജില്ലയിലെ വെള്ളക്ഷാമം എറും. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഈ മെല്ലെപ്പോക്ക് നാ്ട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."