സ്‌കൂള്‍ സ്പെഷലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പ്: ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സുപ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടു
കാസര്‍കോട്: സ്‌കൂള്‍ സ്പെഷലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചു സര്‍വശിക്ഷാ അഭിയാനില്‍ നിന്നു സുപ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ രവി വര്‍മ്മയെ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി വിളിച്ചു വരുത്തിച്ചാണ് ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
നിയമനത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും അടങ്ങിയ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി എസ്.എസ്.എ അധികൃതരുടെ വിശദീകരണങ്ങള്‍ ഫയലില്‍ സ്വീകരിച്ചു. വിദ്യാഭ്യാസ യോഗ്യതയ്ക്കു നല്‍കിയ മാര്‍ക്കിലെ അപാകതയും തൊഴില്‍ കാര്‍ഡ് സീനിയോറിറ്റി അവഗണിച്ചതും ഹരജിക്കാരന്‍ ബോധിപ്പിച്ചു. 2016 നവംബര്‍ 18നു കാസര്‍കോട് എസ്.എസ്.എ ഓഫിസില്‍ സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിനു റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കു നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ പീതാംബരനാണു നിയമനടപടിക്കു വേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയത്.
സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫിസറെ എതിര്‍കക്ഷിയാക്കി ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്കാണു പരാതി നല്‍കിയിരുന്നത്.
അധ്യാപക നിയമന അഭിമുഖത്തില്‍ സ്വജനപക്ഷപാതവും സ്വതാല്‍പര്യവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്നും ഹരജിയില്‍ പരാതിപ്പെട്ടിരുന്നു.
കേന്ദ്ര- കേരള മനുഷ്യാവകാശ കമ്മിഷന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ, കേന്ദ്ര തൊഴില്‍മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ക്കു പരാതി നല്‍കുമെന്നും ഹരജിക്കാരന്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."