കണ്ണൂര്‍ സര്‍വകലാശാലയില്‍ 'ഹരിതകേരളം'
കണ്ണൂര്‍: സംസ്ഥാനസര്‍ക്കാറിന്റെ 'ഹരിതകേരളം' പദ്ധതി നടപ്പാക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മൂന്നു കാംപസുകളില്‍ ഓരോലക്ഷം രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി ഔഷധസസ്യങ്ങളും മാവിന്‍ തൈകളും നടും. നീലേശ്വരം കാംപസില്‍ കശുമാവിന്‍ തൈകളും താവക്കര കാംപസില്‍ മാമ്പഴ തൈകളും മാനന്തവാടി കാംപസില്‍ ഔഷധചെടികളുമാണു നടുക. കേരള സംസ്ഥാന രൂപീകരണത്തിന്റെ വജ്രജൂബിലിയാഘോഷങ്ങളുടെഭാഗമായി പ്രഭാഷണപരമ്പരകളും പ്രമുഖ വ്യക്തികളുടെ പേരിലുള്ള ചെയറുകളുടെ രൂപീകരണവും ലക്ഷ്യമാക്കി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എം പ്രകാശന്‍ കണ്‍വീനറും ഡോ.വി.പി.പി മുസ്തഫ, അഡ്വ. പി സന്തോഷ് കുമാര്‍ അംഗങ്ങളുമായ സമിതിയെ യോഗം ചുമതലപ്പെടുത്തി.
വിവിധ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരും നടത്തുന്ന പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഗുണഫലം ഗവേഷക പൊതുമേഖലകളിലെത്തിക്കാനും അവയ്ക്കു അംഗീകാരമുറപ്പിക്കാനും പ്രത്യേക പേറ്റന്റ് നയം ആവിഷ്‌കരിക്കാനും പ്രൊ. വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും വിഷയവിദഗ്ദ്ധരുമായ സമിതിയെ ചുമതലപ്പെടുത്തി. കണ്ണൂര്‍സര്‍വകലാശാലയുടെ കാംപസുകളിലെ അക്കാദമികവും ഭൗതികവുമായ വികസനത്തിനായി 250 കോടിയുടെ കരട് പ്രൊജക്ട് തയാറാക്കാന്‍ എം. പ്രകാശന്‍, ഡോ.വി.പി.പി മുസ്തഫ, അഡ്വ. പി. സന്തോഷ്‌കുമാര്‍, എ. നിശാന്ത്, ഡോ. വി. എ വില്‍സന്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചു. ഇതു കിഫ്ബിക്ക് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഗവേണ്‍സ് പദ്ധതി പ്രകാരം നേരത്തെ ലഭിച്ച തുക പൂര്‍ണമായും വിനിയോഗിക്കാനായി അടുത്ത സിന്‍ഡിക്കേറ്റില്‍ വിശദമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സര്‍വകലാശാല ഡവലപ്‌മെന്റ് ഓഫിസര്‍ ചെയര്‍മാനും കംപ്യൂട്ടര്‍ പോഗ്രാമര്‍ കണ്‍വീനറുമായി സമിതി രൂപീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെന്‍ട്രല്‍ ലൈബ്രറിയുടെ വികസനവും ഗവേഷകര്‍ക്ക് അടിസ്ഥാന സൗകര്യമുറപ്പിക്കാനായും ആവിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. നിലവിലുള്ള ബിരുദ-ബിരുദാനന്തര സിലബസുകള്‍ യു.ജി.സി മാര്‍ഗനിര്‍ദേശമനുസരിച്ചു മൂന്നു വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നതിന്റെ മുന്നോടിയായി കരിക്കുലം തയാറാക്കുന്നതിനു വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. പുതുക്കിയ സിലബസ് കരിക്കുലം തയാറാക്കുന്ന ശില്‍പശാലകള്‍ക്കായി അഞ്ചുലക്ഷം രൂപ വകയിരുത്തി. പരീക്ഷാജോലികളില്‍ നിന്നു വിട്ടുനില്‍ക്കുന്ന അധ്യാപകരെ കുറിച്ചുള്ള വിവരങ്ങള്‍ അതതു കോളജ് പ്രിന്‍സിപ്പലില്‍ നിന്നു ശേഖരിക്കാനും യോഗം തീരുമാനിച്ചു. സര്‍വകലാശാല ആസ്ഥാനത്തു ചേര്‍ന്ന യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."