നന്തി ദാറുസ്സലാം സനദ്ദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം
നന്തി: വിദ്യാഭ്യാസ ജാഗരണത്തിന്റെ നാലര പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നന്തി ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ 14ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപ്തി. സമ്മേളനത്തില്‍ ദാറുസ്സലാമില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി കര്‍മരംഗത്തേക്കിറങ്ങിയ 434 ദാരിമി, ഹൈത്തമികള്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സനദ് സമ്മാനിച്ചു. 'ഉലുല്‍ ഇല്‍മിന്റെ ഉല്‍കൃഷ്ടത' എന്ന പ്രമേയത്തില്‍ കഴിഞ്ഞ നാലു ദിവസമായി നടന്നുവന്ന ക്യാംപിന് സമാപ്തി കുറിച്ച് ഇന്നലെ പതിനായിരങ്ങള്‍ പങ്കെടുത്ത സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ധാര്‍മിക മൂല്യങ്ങള്‍ക്ക് അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ഇസ്‌ലാമിക പണ്ഡിതര്‍ ക്യത്യമായി ഇടപെടണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ വിപ്ലവത്തിന്റെ നാലര പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന നന്തി ദാറുസ്സലാം അത്തരം ഇടപെടലുകളാണ് സമൂഹത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. ദുഷിച്ചു കൊണ്ടിരിക്കുന്ന നാളുകളില്‍ നന്മയും തിന്മയും വേര്‍ത്തിരിച്ചറിഞ്ഞ്, അതിന്റെ മര്‍മമറിഞ്ഞ് പ്രതികരിക്കാനും അത്തരം ദുഷ്പ്രവണതകള്‍ക്ക് കടിഞ്ഞാണിടാനും സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. ദാറുസ്സലാം പ്രിന്‍സിപ്പല്‍ മൂസക്കുട്ടി ഹസ്രത്ത് സനദ്ദാന പ്രഭാഷണം നടത്തി. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഈ വര്‍ഷത്തെ ശംസുല്‍ ഉലമാ അവാര്‍ഡ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമ്മാനിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നംകൈ, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മൊറയൂര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, ഉമര്‍ ഫൈസി മുക്കം, യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, കെ.സി അബൂബക്കര്‍ ദാരിമി, എം.സി മായിന്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പ്രസംഗിച്ചു.
ചടങ്ങില്‍ നന്തിയില്‍ മുസ്‌ലിയാര്‍ കാഷ് അവാര്‍ഡ് വിതരണം, ശംസുല്‍ ഉലമാ സ്മാരക ബൈത്തുസ്സലാം താക്കോല്‍ദാനം എന്നിവയും നടന്നു. മതാധ്യാപന രംഗത്ത് ഏറെ കാലം പിന്നിട്ട ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരെ ആദരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സമാപന പ്രസംഗം നടത്തി. എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സ്വാഗതവും തഖിയുദ്ദീന്‍ ഹൈത്തമി നന്ദിയും പറഞ്ഞു. രാവിലെ നടന്ന ദാരിമീസ് ഡെലിഗേറ്റ്‌സ് മീറ്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ദാരിമി കണ്ണന്തളി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം അധ്യക്ഷനായി.
434 യുവപണ്ഡിതര്‍
കര്‍മരംഗത്തേക്ക്
നന്തി: മതപ്രബോധന മേഖലയില്‍ നാലരപ്പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ നന്തി ജാമിഅ ദാറുസ്സലാം അറബിക് കോളജില്‍നിന്ന് ഇത്തവണ മത ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത് 434 യുവ പണ്ഡിതര്‍. ദാറുസ്സലാം ദഅ്‌വാ കോളജിലും തര്‍ഖിയ്യത്തുല്‍ ഹുഫാളിലും മറ്റു സഹ സ്ഥാപനങ്ങളിലും ദര്‍സുകളിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം നന്തി ദാറുസ്സലാം അറബിക് കോളജില്‍ ഉപരി പഠനം നടത്തിയവരാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ദാരിമികളും ഹൈത്തമികളുമായി അവര്‍ സനദ് ഏറ്റുവാങ്ങി.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദവും നടന്നു. ഇന്നലെ രാവിലെ നടന്ന ദാറുസ്സലാം കോളജുകളുടെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെയും സാരഥികളും അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്ത 'അഖാരിബുസ്സലാം' ശ്രദ്ധേയമായി. ദാറുസ്സലാം ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.പി തഖിയുദ്ദീന്‍ ഹൈത്തമി അധ്യക്ഷനായി. തന്‍സീര്‍ ദാരിമി കാവുന്തറ, ഹൈദരലി വാഫി ഇരിങ്ങാട്ടിരി എന്നിവര്‍ വിഷയമവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."