കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി ശിവസേനയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ശിവസേനയില്‍ ചേര്‍ന്നു. മധുരയില്‍ വച്ച് തന്നോട് മോശമായി പെരുമാറിയതിന് പുറത്താക്കിയ കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചെടുത്തതിന് പരസ്യമായി ട്വിറ്ററില്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് പ്രിയങ്ക രാജിവയ്ക്കുകയും ശിവസേനയില്‍ ചേരുകയും ചെയ്തത്.
ഇന്നലെ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയ്ക്കൊപ്പം മുംബൈയില്‍ വാര്‍ത്താസമ്മേളനം നടത്തിയ പ്രിയങ്ക ശിവസേനയില്‍ എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പുറത്താക്കിയവരെ കോണ്‍ഗ്രസ് തിരിച്ചെടുത്തത് തന്നെ നിരാശയാക്കി. തന്റെ പഴയ പ്രസ്താവനകളോട് ഉത്തരവാദിത്തം പുലര്‍ത്തേണ്ട ബാധ്യതയെക്കുറിച്ച് ബോധ്യമുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് ശിവസേനയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.ഈ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രിയങ്കാ ചതുര്‍വേദി പാര്‍ട്ടിയുമായി പിണക്കത്തിലായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി വക്താക്കള്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തതിന് പിന്നാലെയായിരുന്നു അത്. പ്രിയങ്കക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാനുള്ള കാരണമാക്കിയെടുക്കുകയായിരുന്നു പുറത്താക്കിയവരെ തിരിച്ചെടുത്ത സംഭവമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മധുരയില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച പത്രസമ്മേളനത്തിനിടെ പ്രിയങ്ക ചതുര്‍വേദിയോട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മോശമായി പെരുമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."