'നിനക്കേറ്റവും പ്രിയമായതിനോട് യാത്ര പറഞ്ഞപ്പോള്‍ പ്രിയനേ നിന്റെയുള്ളില്‍ അത്രമേല്‍ നോവ് പെയ്തിട്ടുണ്ടാവുമെന്ന് എനിക്കറിയാം' നനവു പടര്‍ത്തി സാക്ഷിയുടെ ആശംസാ കുറിപ്പ്
ന്യൂഡല്‍ഹി: ആരാധകരുടെ കണ്ണില്‍ നനവു പടര്‍ത്തി ഇതിഹാസ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ പ്രിയപ്പെട്ടവളുടെ ആശംസാ കുറിപ്പ്. ഇന്‍സ്റ്റയിലാണ് സാക്ഷി ധോണിയുടെ പ്രതികരണം.
'നിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കാം. ക്രിക്കറ്റിന് നിന്റെ ഏറ്റവും നല്ലത് നല്‍കിയതിന് അഭിനന്ദനങ്ങള്‍. നീയെന്ന വ്യക്തിയിലും നിന്റെ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എനിക്കുറപ്പാണ്..നിന്റെയുള്ളില്‍ അത്രമേല്‍ നോവ് പെയ്തിട്ടുണ്ടാവും നിനക്ക് ഏറ്റവും പ്രിയമായതിനോട് യാത്ര പറഞ്ഞപ്പോള്‍. ഇനിയുള്ള കാലം നിനക്ക് ആരോഗ്യവും സന്തോഷവും ജീവിതത്തില്‍ മികച്ച കാര്യങ്ങളും ആശംമസിക്കുന്നു'- സൂര്യാസ്തമയം നോക്കി നില്‍ക്കുന്ന ഇന്ത്യന്‍ നായകന്റെ ചിത്രത്തോടൊപ്പം സാക്ഷി ഇന്‍സ്റ്റയില്‍ കുറിച്ചു.
അമേരിക്കന്‍ കവയിത്രി മായ ഏഞ്ചലുടെ രണ്ടു വരി കവിയും സാക്ഷി തന്റെ കുറിപ്പിനൊടുവില്‍ ചേര്‍ത്തു വെക്കുന്നു.
'ജനങ്ങള്‍ നീ പറഞ്ഞതെല്ലാം മറന്നേക്കാം. നീ ചെയ്തതതും അവര്‍ മറന്നേക്കാം. എന്നാല്‍ നീ അവര്‍ക്ക് സമ്മാനിച്ച മനോഹരമായ നിമിഷങ്ങളെ, അനുഭവങ്ങളെ അവരൊരിക്കലും മറക്കില്ല'
തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെ ആഗസ്റ്റ് 15നായിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ലോകാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ഇന്‍സ്റ്റ ഗ്രാം വിഡിയോയിലൂടെയാണ് അദ്ദേഹം ലോകത്തെ അറിയിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച നായകനാണ് ധോണി.
ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്‌നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."