പ്രളയ ദുരിതാശ്വാസം: വീഴ്ച വരുത്തിയ ഡോക്ടറെ തട്ടിയത് കാസര്‍കോട്ടേക്ക്; പ്രതിഷേധം
കാസര്‍കോട്: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ ഡോക്ടറെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധം. എറണാകുളം ജില്ലയിലെ കുന്നുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായ ഡോ. മനോജിനെയാണ് കാസര്‍കോട്ടേക്ക് സ്ഥലംമാറ്റിയത്.
കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിനാല്‍ അച്ചടക്ക നടപടിയെന്നോണമാണ് സ്ഥലംമാറ്റമെന്ന് ആരോഗ്യവകുപ്പ് ഡയരക്ടര്‍ ഡോ. സരിത ആര്‍.എല്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ കാസര്‍കോട്ടു നിന്ന് പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ മാലിന്യങ്ങളെയും തള്ളാനുള്ള സ്ഥലമല്ല കാസര്‍കോടെന്നാണ് ഓണ്‍ലൈന്‍ പ്രതിഷേധക്കാര്‍ പറയുന്നത്. അച്ചടക്ക നടപടിയുടെ ഭാഗമായി കാസര്‍കോട്ടേക്ക് സ്ഥലം മാറ്റുന്നത് സ്ഥിരം പരിപാടിയാണെന്നും ഡോ. മനോജിനെ കാസര്‍കോട്ടേക്ക് വേണ്ടെന്നും പറഞ്ഞ് ക്യാംപയിനും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ചാലക്കുടി ഡി.വൈ.എസ്.പി കെ.കെ രവീന്ദ്രനെ സമാനമായ ഉത്തരവിലൂടെ സ്ഥലംമാറ്റിയതും വിവാദമായിരുന്നു. പാലിയേക്കര ടോള്‍ വഴി കടക്കാതെ മറ്റൊരു വഴിയില്‍ കൂടി യാത്രചെയ്ത കുടുംബത്തോട് മോശമായി പെരുമാറിയതിനായിരുന്നു രവീന്ദ്രനെതിരായ നടപടി. ഇതും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."