സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെ ലൈഫ് മിഷനിലും തെളിവുതേടി കേന്ദ്രം
കൊച്ചി: സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെ ലൈഫ്മിഷന്‍ ഇടപാടിലെ വെട്ടിപ്പിലേക്കും അന്വേഷണം നീട്ടി കേന്ദ്രസര്‍ക്കാര്‍. സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ സെക്രട്ടേറിയറ്റില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളുടെയും യു.എ.ഇയില്‍നിന്നുള്ള വിവരങ്ങളുടെയും കാര്യത്തില്‍ സ്ഥിരീകരണം വേണം. സി.സി.ടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച സ്ഥിതിക്ക് അതു നീളാനാണ് സാധ്യത. യു.എ.ഇയില്‍ എത്തിയ എന്‍.ഐ.എ സംഘം തെളിവുശേഖരണത്തിലാണ്. അതിനിടെയാണ് യു.എ.ഇയിലെ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ലൈഫ്മിഷന്‍ പദ്ധതിയിലെ വെട്ടിപ്പുവിവരം പുറത്തുവന്നിരിക്കുന്നത്. ലൈഫ്മിഷന്‍ ധാരണാപത്രത്തിന്റെ ഇടനിലക്കാരിയെന്ന നിലയില്‍ സ്വര്‍ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്നാ സുരേഷ് ഒരു കോടി കമ്മിഷന്‍ പറ്റിയെന്നും ബാക്കി മൂന്നുകോടിയിലധികം രൂപ മുങ്ങിയെന്നുമുള്ള സൂചന നിലനില്‍ക്കേ കേന്ദ്ര ഇടപെടലിന് കൂടുതല്‍ മാനങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യു.എ.ഇയില്‍ ഇപ്പോഴുള്ള എന്‍.ഐ.എ സംഘത്തിന് ഈ വിഷയത്തിലും അവിടെ തെളിവുശേഖരണം സാധ്യമാക്കാനായാണ് സംസ്ഥാന സര്‍ക്കാരില്‍നിന്ന് അടിയന്തരമായി ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം തേടിയതെന്നാണ് കരുതുന്നത്. ഇതില്‍ ചട്ടലംഘനമോ പ്രോട്ടോകോള്‍ ലംഘനമോ കണ്ടെത്തുന്ന പക്ഷം ഇപ്പോള്‍ത്തന്നെ സംശയ നിഴലിലുള്ള ചില ഉന്നതരെ നേരെ വലയിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം കരുതുന്നതെന്നും സൂചനയുണ്ട്.
റെഡ്ക്രസന്റില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ സഹായങ്ങള്‍ സ്വീകരിച്ച നടപടിക്രമത്തില്‍ നയതന്ത്രവുമായി ബന്ധപ്പെട്ട വീഴ്ച കണ്ടെത്താനാണ് ശ്രമം.
ലൈഫ്മിഷന്‍ നടത്തിപ്പു കരാര്‍ യൂണിടാക്കിനു നല്‍കിയത് റെഡ്ക്രസന്റ് ആണെന്ന വാദം പൊളിച്ച് അതിന്റെ രേഖ പുറത്തുവന്നിരുന്നു. യൂണിടെക്കിന്റെ പങ്കാളിത്തം അറിയില്ലെന്ന സര്‍ക്കാര്‍ വാദവും പൊളിഞ്ഞതോടെ ഇതില്‍ ഏറെ പണിപ്പെടാതെ തെളിവുകള്‍ കണ്ടെത്താമെന്ന് വ്യക്തമായതോടെയാണ് സ്വര്‍ണക്കടത്തിനു സമാന്തരമായി ലൈഫ്മിഷനിലേക്കും മറ്റ് സര്‍ക്കാര്‍ പദ്ധതികളിലേക്കും കേന്ദ്രാന്വേഷണം നീളുന്നത്. ഗുരുതരമായ ഈ സ്ഥിതിവിശേഷം ബോധ്യപ്പെട്ടതോടെയാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇതുവരെ വ്യക്തമായി പരിശോധിച്ചിട്ടില്ലെന്ന സൂചന നല്‍കുന്ന രീതിയില്‍ മുഖ്യമന്ത്രി പൊടുന്നനെ ഫയലുകള്‍ വിളിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."