വോട്ട് ക്യൂ: 'മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മലയാളിക്ക് രാജ്യത്തിനു വേണ്ടി ക്യൂ നില്‍ക്കാന്‍ മടി'യെന്ന പരാമര്‍ശം മോഹന്‍ലാലിനെ ഓര്‍മിപ്പിച്ച് സോഷ്യല്‍ മീഡിയ
വോട്ടു ചെയ്യാനെത്തി ക്യൂ മറികടന്ന് വോട്ടു ചെയ്യാനുള്ള ശ്രമം മറ്റ് വോട്ടര്‍മാര്‍ തടഞ്ഞതോടെ, നടന്‍ മോഹന്‍ലാലിന് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നത് ഒന്നര മണിക്കൂര്‍. രാവിലെ ഏഴു മണിക്കു തന്നെ വോട്ടു ചെയ്യാനായി പൂജപ്പുര മുടവന്‍മുഗള്‍ എല്‍.പി സ്‌കൂളിലെ 31-ാം നമ്പര്‍ ബൂത്തില്‍ മോഹന്‍ലാലെത്തി. വരിതെറ്റിച്ച് മുന്നിലെത്തിക്കാന്‍ പൊലിസ് ശ്രമിച്ചതോടെ എതിര്‍പ്പുമായി വോട്ടര്‍മാര്‍ രംഗത്തെത്തി. 'ക്യൂ നില്‍ക്കാതെ കയറാന്‍ പറ്റില്ല, വേണമെങ്കില്‍ ക്യൂ നില്‍ക്കണം' എന്നായിരുന്നു ഒരു വോട്ടറുടെ പ്രതികരണം.
ക്യൂവില്‍ നിന്ന് എട്ടര മണിയോടെയാണ് മോഹന്‍ലാലിന്റെ ഊഴമെത്തിയത്. ഒരു മിനിറ്റിനകം വോട്ടു ചെയ്ത് പുറത്തിറങ്ങി. താന്‍ ഈ സ്‌കൂളിലാണ് പഠിച്ചതെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
അതിനിടെ, കന്നിവോട്ടാണെന്ന ആരോപണം ശരിയാണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അങ്ങനെ വേണമെങ്കില്‍ അങ്ങനെയും കണക്കാക്കാമെന്ന മറുപടി. പല കാരണങ്ങള്‍ കൊണ്ടും മുന്‍പ് പലപ്പോഴും വോട്ടു ചെയ്യാനായിട്ടില്ലെന്നും തുറന്നുസമ്മതിച്ചു.
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
ഇവിടെ തീര്‍ന്നില്ല, മോഹന്‍ലാലിന്റെ ക്യൂ നില്‍ക്കാനുള്ള മടിയെ മറ്റൊരു ക്യൂവുമായി ബന്ധിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. 2016 ല്‍ നോട്ട് നിരോധന സമയത്ത് ആളുകള്‍ ക്യൂ നിന്ന് മരിച്ച സംഭവമുണ്ടായപ്പോള്‍, രാജ്യത്തിനു വേണ്ടി അതെല്ലാം സഹിച്ചാലെന്താ എന്ന മട്ടില്‍ മോഹന്‍ലാല്‍ എഴുതി ബ്ലോഗാണ് തിരിഞ്ഞുകുത്തുന്നത്.
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മലയാളിക്ക് രാജ്യത്തിനു വേണ്ടി ക്യൂ നില്‍ക്കാന്‍ മടിയാണെന്നാണ് നോട്ട് നിരോധന കാലത്ത് മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അന്നു തന്നെ ഉയര്‍ന്നിരുന്നു.
അതിനിടെ ആളുകള്‍ ഇതുവച്ച് മോഹന്‍ലാലിനെ ട്രോളിക്കൊല്ലുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."