നാനോ ഇന്ത്യ ദേശീയ കോണ്‍ഫറന്‍സിന് തുടക്കം
അതിരമ്പുഴ : സവിശേഷമായ ഗവേഷണവും കണ്ടുപിടുത്തങ്ങളും നടത്തണമെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ പ്രൊഫ. സി.എന്‍.ആര്‍. റാവു പറഞ്ഞു. മഹാത്മാഗാന്ധി സര്‍വകലാശാലയും കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന 'നാനോ ഇന്ത്യ 2019' ദേശീയ കോണ്‍ഫറന്‍സ് എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ നാനോമിഷനില്‍ ഊര്‍ജ്ജം, ക്വാണ്ടം മെറ്റീരിയല്‍സ്, കൃഷി മേഖലകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സവിശേഷമായ ഗവേഷണങ്ങള്‍ നടക്കണം. ഇത് ഇന്ത്യയുടെ ശാസ്ത്രവളര്‍ച്ചയ്ക്കും പ്രശസ്തിക്കും സഹായകമാകും. ഗവേഷണത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കണം. നാനോപാര്‍ട്ടിക്കിളുകള്‍ കൊണ്ടുള്ള ബ്രസ്റ്റ് കാന്‍സര്‍ ചികിത്സ, കാന്‍സര്‍ കോശങ്ങളെ കണ്ടെത്തുന്ന നാനോനോസ്, തലച്ചോറിലെ കാന്‍സര്‍ കോശങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ചികിത്സ എന്നിങ്ങനെ സവിശേഷമാര്‍ന്ന ഗവേഷണവും കണ്ടുപിടുത്തങ്ങളും നാനോസയന്‍സില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിസിക്‌സിലെ നൊബേല്‍ സമ്മാന ജേതാവുകൂടിയായ സി.വി. രാമനുമായുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.
പ്രൊഫ.അജയ് കെ.സൂദ് അധ്യക്ഷത വഹിച്ചു. മിലന്ദ് കുല്‍ക്കര്‍ണി നാനോ മിഷനെക്കുറിച്ച് വിശദീകരിച്ചു. സര്‍വകലാശാലയുടെ ഉപഹാരം വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പ്രൊഫ. സി.എന്‍.ആര്‍. റാവുവിന് നല്‍കി. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ ദേശീയ ഗവേഷക പുരസ്‌കാരം പ്രൊഫ. ഒ.എന്‍. ശ്രീവാസ്തവയ്ക്കും യുവ ഗവേഷക പുരസ്‌കാരം ഡോ. മുരളി ബനാവത് എന്നിവര്‍ക്ക് സമ്മാനിച്ചു. ഐ.ഐ.യു.സി.എന്‍.എന്‍. ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."