ആറളം വനാതിര്‍ത്തിയിലെ വന്യമൃഗശല്യം; ആദിവാസി ഭൂമി തിരിച്ചുവേണമെന്നു വനംവകുപ്പ്
ഇരിട്ടി: ആറളംഫാം ആദിവാസി പുനരധിവാസ മേഖലയില്‍ ആദിവാസി പുനരധിവാസ മിഷന്‍ (ടി.ആര്‍.ഡി.എം) ആദിവാസികള്‍ക്കു പതിച്ചുനല്‍കിയ ആറളംഫാമിലെ 156 ഏക്കര്‍ ഭൂമി തിരികെ പിടിക്കാന്‍ വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു. പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള രൂക്ഷമായ കാട്ടാന അക്രമത്തിനു പരിഹാരം കാണുന്നതിനായാണ് ഈ നടപടിയെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം.
ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കില്‍ 156 കുടുംബങ്ങള്‍ക്കു പതിച്ചുനല്‍കിയ ഭൂമിയിലാണ് അവകാശവാദമുന്നയിച്ച് ആറളം വന്യജീവി സങ്കേതം വകുപ്പ് അധികൃതര്‍ ടി.ആര്‍.ഡി.എം സൈറ്റ് മാനേജര്‍ക്കു കത്ത് നല്‍കിയത്. വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കാടുമൂടി വനത്തിനു സമാനമായാണുള്ളത്. ഇവിടങ്ങളിലാണു കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികള്‍ താവളമാക്കിയതെന്നാണു വനംവകുപ്പ് അധികൃതരുടെ കണ്ടെത്തല്‍. ആനശല്യവും മറ്റും കാരണം ഈ പ്രദേശത്ത് ഇപ്പോള്‍ ജനവാസമില്ല. ഇതു വനമേഖലയോടു ചേര്‍ത്താല്‍ ആറളംഫാം മേഖല നിലവില്‍ അനുഭവിക്കുന്ന വന്യമൃഗശല്യത്തിനു പരിഹാരം ഉണ്ടാകുമെന്നാണു വനംവകുപ്പിന്റെ നിഗമനം.
ഫാമില്‍ നാലുഘട്ടങ്ങളിലായി ആദിവാസികള്‍ക്കു പതിച്ചുനല്‍കിയ ഭൂമിയില്‍പെട്ടതാണിത്. പട്ടയം അനുവദിച്ചെങ്കിലും ഭൂമിയുടെ ക്രയവിക്രയം നടക്കണമെങ്കില്‍ പുനരധിവാസ മിഷന്റെ അനുമതി വേണം. കാടുമൂടി കിടക്കുന്ന പ്രദേശം എന്ന നിലയിലും വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്നുവെന്ന കാരണവും പറഞ്ഞ് ഭൂമി തിരിച്ചുപിടിക്കാനുള്ള വനംവകുപ്പിന്റെ നീക്കത്തെ ചെറുക്കാനാണു ടി.ആര്‍.ഡി.എമ്മിന്റെ തീരുമാനം.
പുനരധിവാസ മിഷന്റെ കൈവശമുള്ള സ്ഥലത്തിന്റെ സ്‌കെച്ചും അതിര്‍ത്തി നിര്‍ണയ രേഖയും ഉടന്‍ സമര്‍പ്പിക്കണമെന്നാണു വനംവകുപ്പിന്റെ കത്തില്‍ പറയുന്നത്. പുനരധിവാസ മേഖലയിലെ 20 കിലോമീറ്ററുകളോളം പ്രദേശം വനവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇവിടങ്ങളില്‍ സ്ഥാപിച്ച വന്യജീവി പ്രതിരോധ മാര്‍ഗങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനു പകരം കാടുമൂടി കിടക്കുന്നതിന്റെ പേരില്‍ ആദിവാസി ഭൂമി കൈവശപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കം ചെറുക്കുമെന്ന് ആദിവാസി പുനരധിവാസ മിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വന്യമൃഗ പ്രശ്‌നം പരിഹരിക്കുന്ന വിഷയത്തില്‍ ആറളംഫാം അധികൃതരും ആദിവാസി പുനരധിവാസ മിഷനും ഒരുവശത്തും വനംവകുപ്പ് അധികൃതര്‍ മറുഭാഗത്തുമായി തുടരുന്ന ശീതസമരത്തിന്റെ ഭാഗമാണു പുതിയ നീക്കത്തിനു പിന്നിലുള്ളതെന്നാണു സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."