കുസാറ്റില്‍ താല്‍ക്കാലിക നിയമനങ്ങളില്‍ വ്യാപക ക്രമക്കേട്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേട്. ദിവസവേതനത്തിനും കരാര്‍ വ്യവസ്ഥയിലും നിയമനങ്ങള്‍ നടത്തുന്നതിനായി സര്‍വകലാശാല റിക്രൂട്ട്‌മെന്റ് സെല്ലിനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്. താല്‍ക്കാലിക നിയമനത്തിനായി റിക്രൂട്ട്‌മെന്റ് സെല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോഴാണ് സര്‍വകലാശാല അധികൃതര്‍ തന്നിഷ്ടക്കാരെ വിവിധ തസ്തികകളില്‍ നിയമിക്കുന്നത്.
വര്‍ഷങ്ങളായി പേര് രജിസ്റ്റര്‍ ചെയ്ത് നിരവധി പേര്‍ കാത്തിരിക്കുന്നുണ്ട്.
ഇതില്‍ പലരും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റിനായാണ് താല്‍ക്കാലിക ജോലി പ്രതീക്ഷിക്കുന്നത്. ഓഫിസ് അസിസ്റ്റന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ കം ക്ലീനര്‍, സെക്യൂരിറ്റി ഗാര്‍ഡ്, കുക്ക്, കംപ്യൂട്ടര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് മേട്രന്‍, സ്റ്റോര്‍ കീപ്പര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ തുടങ്ങിയ തസ്തികകളിലാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. 350 രൂപ മുതല്‍ 1300 രൂപ വരെയാണ് വിവിധ തസ്തികകളിലെ പ്രതിദിന വേതനം.
സര്‍വകലാശാലയിലെ ചില ഉന്നതരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ ഇവര്‍ തന്നിഷ്ടക്കാരെ നിയമിക്കുകയാണെന്നാണ് ആരോപണം. ഇതുകൂടാതെ കുസാറ്റില്‍ നിന്ന് വിരമിക്കുന്നരില്‍ ചിലര്‍ പിറ്റേദിവസം മുതല്‍ അതേ തസ്തികയില്‍ താല്‍ക്കാലികക്കാരായി ജോലിക്ക് കയറുന്നുണ്ട്. ഇവര്‍ക്ക് പെന്‍ഷനും താല്‍ക്കാലിക ജോലിയുടെ വേതനവും ഉള്‍പ്പെടെ ഇരട്ട ആനുകൂല്യം ലഭിക്കും.
താല്‍ക്കാലിക ജീവനക്കാര്‍ എട്ടു മാസം ജോലി ചെയ്താല്‍ നിര്‍ബന്ധമായും രണ്ടുമാസം മാറ്റിനിര്‍ത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ കുസാറ്റില്‍ നിന്ന് വിരമിച്ചവര്‍ക്ക് തുടര്‍ച്ചയായി ജോലി ലഭിക്കുന്നുണ്ട്. താല്‍ക്കാലികക്കാരില്‍ തന്നെ സ്വാധീനമുള്ള ചിലര്‍ വര്‍ഷങ്ങളായി തുടരുന്നുമുണ്ട്.
പത്താം ക്ലാസ് പാസായവരെ സ്വീപ്പര്‍ തസ്തികയില്‍ നിയമിക്കരുതെന്നാണ് ചട്ടമെങ്കിലും പത്ത് കഴിഞ്ഞവര്‍ പലരും ഈ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."