ജലക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലസംഭരണി
ബദിയഡുക്ക: വേനല്‍ച്ചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ എന്മകജെ പഞ്ചായത്തിലെ ശിവഗിരിയില്‍ 15 വര്‍ഷം മുന്‍പ് നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ജല സംഭരണി നോക്കുകുത്തിയായി മാറി. ഉപയോഗിക്കാതെ വന്നതിനെ തുടര്‍ന്ന് ടാങ്കിന്റെ കോണ്‍ക്രിറ്റ് പാളികള്‍ അടര്‍ന്നു വീഴുകയും ഇരുമ്പ് കമ്പികള്‍ തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുകയുമാണ്. പരിചരണമില്ലാത്തതിനെ തുടര്‍ന്ന് ടാങ്കിന് വിള്ളല്‍ വീഴുകയും അനുബന്ധ സാധനങ്ങള്‍ മണ്ണിനടിയില്‍ നശിക്കുകയും ചെയ്തു. എന്മകജെ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ശിവഗിരി പട്ടിക വര്‍ഗ കോളനിയില്‍ 15 വര്‍ഷം മുന്‍പ് 4.95 ലക്ഷം രൂപ ചെലവില്‍ ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പില്‍ വരുത്തിയത്.
കുഴല്‍ക്കിണറും പമ്പ് ഷെഡും മോട്ടോറും 20000 ലിറ്റര്‍ ജലം ഉള്‍കൊള്ളുന്ന ടാങ്കും പദ്ധതിക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ 15 വര്‍ഷം പിന്നിട്ടിട്ടും വൈദ്യുതി ലഭിക്കാത്തതു കാരണം കോളനി നിവാസികള്‍ക്ക് വെള്ളം കിട്ടാക്കനിയായി മാറി.
വൈദ്യുതി കണക്ഷനുവേണ്ടി അധികൃതര്‍ പലവട്ടം ശ്രമിച്ചുവെങ്കിലും പ്രാദേശികമായുള്ള തര്‍ക്കമാണ് വൈദ്യുതി ലഭിക്കാന്‍ തടസ്സമാകുന്നതിനു കാരണമെന്നും അധികൃതര്‍ പറയുന്നു. 22 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ ജനം കിലോമീറ്ററുകള്‍ താണ്ടിയാണ് സ്വകാര്യ വ്യക്തി കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കുളത്തില്‍നിന്ന് ജലം ശേഖരിക്കുന്നത്. തലച്ചുമടായാണ് വെള്ളംകൊണ്ടു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."