രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നടപടിയില്ല
മട്ടാഞ്ചേരി: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ സംസ്ഥാനം അമര്‍ന്നപ്പോള്‍ നിരവധി ജീവനുകളുടെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന അവഗണനക്ക് വര്‍ഷങ്ങളുടെ പഴക്കം.
ചെല്ലാനം ഉള്‍പ്പെടെയുള്ള തീരമേഖലയില്‍ കടല്‍ കലി തുള്ളുമ്പോള്‍ ഇവരുടെ ജീവനും സ്വത്തിനും തൊഴിലുപകരണങ്ങള്‍ക്കും സംരക്ഷണ നല്‍കേണ്ട മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇവരുടെ വേദന കണ്ടില്ലന്ന് നടിക്കുകയാണ്.
കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷനേടാന്‍ തീരമേഖലയില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നത് എല്ലാ വര്‍ഷകാലത്തും ഇവര്‍ ഉന്നയിക്കുന്ന ആവശ്യമാണ്.എന്നാല്‍ ആ സമയത്തുണ്ടാകുന്ന അപകടങ്ങളില്‍ താല്‍ക്കാലിക നഷ്ട പരിഹാരം നല്‍കി അവസാനിപ്പിക്കുകയാണ് അധികാരികള്‍ ചെയ്യുന്നത്.
എല്ലാ വര്‍ഷവും കടല്‍ ശക്തമാകുമ്പോള്‍ തീരവാസികളുടെ വീടും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും നഷ്ടപ്പെടാറുണ്ട്.അപ്പോഴെല്ലാം നാമമാത്രമായ തുക നല്‍കി ഇവരെ കബളിപ്പിക്കുകയും പുലിമുട്ട് ഉടന്‍ പണിയാമെന്ന വാഗ്ദാനം നല്‍കി പോകുകയാണ് അധികൃതര്‍ ചെയ്യുന്നത്.പ്രളയം രൂക്ഷമാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ചെല്ലാനം ഉള്‍പ്പെടെയുള്ള തീരമേഖലയില്‍ കടല്‍ക്കയറ്റം ശക്തമായിരുന്നു.
കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകള്‍ക്ക് കേട് പാടുണ്ടാകുകയും ഗൃഹോപകരണങ്ങള്‍,തൊഴിലുപകരണങ്ങള്‍ എന്നിവ നശിയുകയും ചെയ്തിരുന്നു.
ഈ സമയം താല്‍ക്കാലികമായി മണല്‍വാട കെട്ടാന്‍ എത്തിയ അധികൃതരെ ജനം തടയുകയും ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് സമരം ആരംഭിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് ഭരണകൂടം ഇടപെട്ട് ഏപ്രില്‍ മാസത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ പദ്ധതി മാത്രം നടപ്പായില്ല.
തീരമേഖലയില്‍ കടല്‍ക്ഷോഭമുണ്ടാകുമ്പോള്‍ മറ്റിടങ്ങളിലുള്ളവര്‍ അത് തങ്ങളുടെ കാര്യമല്ലന്ന് കരുതി മാറി നില്‍ക്കുകയാണ് പതിവ്.എന്നാല്‍ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ പതിനായിരങ്ങള്‍ അകപ്പെട്ടപ്പോള്‍ ഒന്നും ആലോചിക്കാതെ തങ്ങളുടെ ജീവിതോപാധിയായ വള്ളങ്ങളും മറ്റുമായി വിവിധയിടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടവരാണ് മല്‍സ്യതൊഴിലാളികള്‍.
ഇവര്‍ക്ക് ആദരവ് നല്‍കുന്നതിന് പകരം ഇവരുടെ ചിരകാലഭിലാഷമായ തീരമേഖലയിലെ പുലിമുട്ട് നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."